'അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നിയിക്കുന്നു'; ചിറ്റയം ഗോപകുമാറിനെതിരെ എല്‍ഡിഎഫിന് വീണാ ജോര്‍ജിന്റെ പരാതി
14 May 2022 3:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക്. തനിക്കെതിരെ പരസ്യ നിലപാട് എടുക്കുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ചിറ്റയം ഗോപകുമാറിന് എതിരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എല്‍ഡിഎഫിന് പരാതി നല്കി. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത് എന്നാണ് പരാതി. ഇതോടെ പത്തനംതിട്ടയില്‍ നിന്നുള്ള രണ്ട് ക്യാബിനറ്റ് റാങ്കുള്ള വ്യക്തികള്‍ തമ്മിലുള്ള ഭിന്നത പരസ്യമാവുകയാണ്.
ചിറ്റയം ഗോപകുമാര്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയാണ്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക പരിപാടിയിലേക്ക് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. മന്ത്രിയല്ലെന്നും വീണാ ജോര്‍ജ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ ഭിന്നത ഉണ്ടായിരുന്നു. ഇതില്‍ ഇടപെടല്‍ ഉണ്ടായില്ലെന്ന വികാരമാണ് ചിറ്റയം ഗോപകുമാറിനെ പരസ്യ നിലപാട് സ്വീകരിക്കുന്നതിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞദിവസമാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോര്‍ജ്ജ് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് ആരോപണം. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ പറയുന്നു. ഇത്തരത്തില്‍ പതിവായി അവഗണിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേള ഉദ്ഘാടനത്തില്‍ നിന്നും ചിറ്റയം ഗോപകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചത് തലേന്ന് രാത്രിയാണ്. അതുകൊണ്ട് കൂടിയാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും ചിറ്റയം ആരോപിച്ചു. 'സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയിലേക്ക് മന്ത്രി വീണാ ജോര്‍ജ്ജ് തന്നെ ക്ഷണിച്ചില്ല. പങ്കെടുക്കണം എന്ന് വിളിച്ച് പറഞ്ഞത് ജില്ലാ കളക്ടര്‍. തന്റെ മണ്ഡലത്തിലെ പരിപാടികള്‍ പോലും മന്ത്രി അറിയിക്കാറില്ല. മന്ത്രിക്ക് ഏകോപനം എന്തെന്ന് അറിയില്ലെന്നും' ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചിരുന്നു.
അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോണ്‍ എടുത്തിട്ടേയില്ല. ഇക്കാര്യങ്ങളെല്ലാം സിപിഐഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. നേരത്തെ കായംകുളം എംഎല്‍എ അഡ്വ. യു പ്രതിഭയും പൊതുപരിപാടിയില്‍ മന്ത്രിയുടെ പേരെടുത്ത് പറയാതെ സമാന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പുറമേ പത്തനംതിട്ട ലോക്കല്‍, ജില്ലാ കമ്മിറ്റികളിലും ഇതേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വീണാ ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്നായിരുന്നു കമ്മിറ്റികളുടെ വിമര്‍ശനം.
Story Highlight: health minister Veena George's complaint to LDF against Chittayam Gopakumar