Top

'ക്രിമിനല്‍ പൊലീസു'കാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍; പ്രാഥമിക പട്ടികയില്‍ 85 പേര്‍

തയ്യാറാക്കിയ പട്ടികയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

23 Nov 2022 3:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിമിനല്‍ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍; പ്രാഥമിക പട്ടികയില്‍ 85 പേര്‍
X

തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ 85 പേരാണുള്ളത്.

തയ്യാറാക്കിയ പട്ടികയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസുകാര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകള്‍ വര്‍ധിച്ചുവരുന്നുവെന്ന് കാട്ടി പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും ബലാത്സംഗ കേസില്‍ ഉള്‍പ്പടെ പ്രതികളായ പൊലീസുകാര്‍ സംരക്ഷിക്കപ്പെടുകയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള തീരുമാനം.

സിഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചരിത്രം പൊലീസ് ആസ്ഥാനത്താകും പരിശോധിക്കുക. ബാക്കിയുള്ള റാങ്കുകളിലെ പൊലീസുകാരെ കുറിച്ച് ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചവരും അന്വേഷണം നേരിടുന്നവരുമായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

Story Highlights: Government To Take Strict Action Against Criminal Police Officers

Next Story