Top

ബിഷപ്പിന്റെ കുറ്റവിമുക്തമാക്കൽ രാഷ്ട്രീയമായി ഉപയോ​ഗിക്കാൻ പിസി ജോർജ്; ലക്ഷ്യം ക്രിസംഘി മോഡൽ രാഷ്ട്രീയ പാർട്ടിയോ?

നിയമസഭയിലേക്ക് തിരികെയെത്തണമെങ്കിൽ ക്രിസ്ത്യൻ വിശ്വാസികളുടെ പൂർണ പിന്തുണ നേടാൻ ജനപക്ഷത്തിന് സാധിക്കണം.

15 Jan 2022 7:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഷപ്പിന്റെ കുറ്റവിമുക്തമാക്കൽ രാഷ്ട്രീയമായി ഉപയോ​ഗിക്കാൻ പിസി ജോർജ്; ലക്ഷ്യം ക്രിസംഘി മോഡൽ രാഷ്ട്രീയ പാർട്ടിയോ?
X

കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാക്കപ്പെട്ടത് രാഷ്ട്രീയമായി ഉപയോ​ഗിക്കാൻ ജനപക്ഷം നേതാവ് പിസി ജോർജ് ശ്രമങ്ങൾ നടത്തുന്നതായി സൂചന. പുതിയ സാഹചര്യത്തിൽ സഭയ്ക്കൊപ്പം നിലകൊള്ളുന്ന വിശ്വാസികളെ വോട്ടാക്കി മാറ്റാനാണ് പുതിയ കരുനീക്കങ്ങളെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അനുകൂല പ്രസ്താവനകൾ നടത്തിയിരുന്നെങ്കിലും നിയമസഭയിലേക്ക് എത്താൻ ജോർജിന് സാധിച്ചിരുന്നില്ല. ലവ് ജിഹാദ്, നാർകോടിക് ജിഹാദ് വിഷയങ്ങളിൽ അദ്ദേഹം നടത്തിയ പ്രസ്താവനകൾ മുസ്ലിം സമുദായത്തിൽ നിന്ന് വലിയ എതിർപ്പും പ്രകടമായി.

നിയമസഭയിലേക്ക് തിരികെയെത്തണമെങ്കിൽ ക്രിസ്ത്യൻ വിശ്വാസികളുടെ പൂർണ പിന്തുണ നേടാൻ ജനപക്ഷത്തിന് സാധിക്കണം. കന്യാസ്ത്രീ പീഡനക്കേസിൽ പൂർണമായും പ്രതിയായിരുന്ന ബിഷപ്പിനൊപ്പം നിന്ന പിസി ജോർജ് ഇത് വോട്ടാക്കി മാറ്റാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ബിഷപ്പിന്റെ പിന്തുണയോടു കൂടി പിസി ജോർജ് രാഷ്ട്രീയ നീക്കങ്ങൾ നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കെന്ന‍ഡി കരിമ്പിൻകാലയും റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. പിസി ജോർജ് അത്തരമൊരു നീക്കം നടത്തുമോയെന്നത് തള്ളിക്കളയാനാവില്ല. നീക്കമുണ്ടായാലും വിശ്വാസികളുടെ പിന്തുണ നേടാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും കരിമ്പിന്‍കാല പറഞ്ഞു.

ബിഷപ്പിനെ കണ്ടതിന് ശേഷം പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്;

'ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകും. അദ്ദേഹം തെറ്റുചെയ്‌തെന്ന് പറഞ്ഞാൽ സ്വാഭാവികമായി കത്തോലിക്കാ ക്രിസ്റ്റ്യൻ മതവിശ്വാസികൾക്ക് തന്നെയാണ് പരാജയം ഉണ്ടാകുന്നത്. 'അതുതന്നെയാണ് ശബരിമല വിഷയത്തിലും കണ്ടത്. മതവിശ്വാസം തകർക്കാനുള്ള ശ്രമങ്ങളാണ് കണ്ടത്. ഭരണാധികാരികൾ ചെയ്ത മര്യാദകേടാണ് താൻ ചൂണ്ടികാണിക്കുന്നതെന്നും പിസി ജോർജ് അവകാശപ്പെട്ടു. ലോകം മുഴുവൻ ബ്ലാക്ക് മാസിന്റെ പ്രവർത്തിയാണ് നടക്കുന്നതെന്നും കേസിലെ വാദിഭാഗം ബ്ലാക്ക് മാസിന്റെ ഭാഗമാണെന്നും പി സി ജോർജ് കുറ്റപ്പെടുത്തി.

കേസിന്റെ വിധി പുറത്തുവന്നപ്പോൾ പ്രതിഷേധം രേഖപ്പെടുത്തിയ മുൻ കോട്ടയം ഡിവൈഎസ്പി ഹരിശങ്കറിനെതിരെ പി സി ജോർജ് ആരോപണം ഉയർത്തി. അപ്പീൽ കൊടുക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഹരിശങ്കർ സംസാരിച്ചത് ജഡ്ജിയെ അപമാനിക്കുന്നത് പോലെയാണെന്നും ജോർജ് പറഞ്ഞു. ഉദ്യോഗസ്ഥനെന്തിനാണ് ഇത്രയും ആവേശമെന്നും ഡിവൈഎസ്പിയേയും സർക്കിളിനേയും മഠത്തിൽ നിന്നും ഓടിച്ചത് താനാണെന്നും പി സി ജോർജ് ആരോപിച്ചു. താൻ രാത്രിചെല്ലുമ്പോൾ കുടിച്ച് കൂത്താടുകയായിരുന്നുവെന്നും വിശദമായ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈരാറ്റുപേട്ടയിലേറ്റ തിരിച്ചടി

ഈരാറ്റുപേട്ടയിലേറ്റ തിരിച്ചടിയാണ് തനിക്ക് ഇത്തവണ വിജയിക്കാൻ സാധിക്കാതിരുന്നതെന്ന് നേരത്തെ പിസി ജോർജ് തുറന്നു സമ്മതിച്ചിരുന്നു. ''ഞാൻ എത്ര കൊല്ലമായിട്ട് ഒറ്റയ്ക്കാണ്!. കഴിഞ്ഞ തവണ ഞാൻ തോറ്റതല്ല. പക്ഷേ, അവിടുത്തെ പ്രബല സമൂഹമായ മുസ്ലി കമ്യൂണിറ്റിക്കിടയിൽ എനിക്കെതിരെ വ്യാപകമായ കള്ള പ്രചരണമുണ്ടാക്കി. അതിന്റെ വിശദാശംങ്ങളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ കള്ളപ്രചരണം നടത്തിയ ആളുകൾ ആരൊക്കെയാണെന്ന് ഈരാറ്റുപേട്ടയിലെ നല്ലവരായ ആളുകൾ മനസിലാക്കി വരുന്നുണ്ട്. ഇക്കാര്യം മനസിലാക്കി കഴിയുമ്പോ അവര് തിരിച്ചുവരും, ഒരു സംശയവും വേണ്ട. ഞാൻ അവിടെ തന്നെ നിന്ന് വിജയിക്കും. പേടിക്കണ്ട. പിസി ജോർജ് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞു.

വിശ്വാസികളുടെ പൂർണ പിന്തുണ ലഭിക്കാൻ തീവ്ര വലതുപക്ഷ സ്വഭാവമുള്ള ക്രിസം​ഘി മോഡൽ നീക്കത്തിന് പിന്നിലെന്നും സൂചനയുണ്ട്. എന്നാൽ രാഷ്ട്രീയ നീക്കങ്ങളുടെ അണിയറ വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈരാറ്റുപേട്ടയിലെ വോട്ടുകൾ തിരിച്ചുവരില്ലെന്നാണ് ജനപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഇടതിനൊപ്പം സഞ്ചരിക്കുന്ന ജോസ് കെ മാണിക്ക് പീഡന കേസിൽ ഉൾപ്പെട്ട് ഇപ്പോൾ കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ മുളയ്ക്കലിന് പൂർണമായും പിന്തുണയ്ക്കുക സാധ്യമല്ല. ഈ സാഹചര്യത്തിൽ പിസി നടത്തുന്ന നീക്കങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളയാനുമാവില്ല.

Next Story

Popular Stories