നാല് ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍; തീയേറ്ററുകള്‍ അടയ്ക്കും, കര്‍ശന നിയന്ത്രണങ്ങള്‍
നിലവില്‍ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് തീയേറ്റര്‍ ഉടമകളുടെ ആരോപണം
27 Jan 2022 6:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍സംസ്ഥാനത്തെ നാല് ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളാണ് സി കാറ്റഗറിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തീയേറ്ററുകള്‍ അടച്ചിടും ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, പൊതുപരിപാടികള്‍ എന്നിവയ്ക്കും നിയന്ത്രണങ്ങളുണ്ട്. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ ആരാധന മാത്രമേ നടത്താവൂ.
നിലവില്‍ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് തീയേറ്റര്‍ ഉടമകളുടെ ആരോപണം. സിനിമാ വ്യവസായത്തോടെ അനീതി കാണിക്കുകയാണെന്ന് ഫിംലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.
സെക്രട്ടേറിയറ്റില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് വാര് റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം.
ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോ വിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു.
അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള 'സി' കാറ്റഗറിയില്‍ വരുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇടുക്കിയില്‍ 377 പേരാണ് ചികിത്സയിലുളളത്. കോട്ടയത്ത് ഇന്നലെ വരെയുളള കണക്കനുസരിച്ച് 826 രോഗികള്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ആകെ രോഗികള്‍ 21,249 ആയി ഉയര്‍ന്നു. 12,434 പേര് പോസിറ്റീവായ പത്തനംതിട്ടയില്‍ 677 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്.