Top

മുന്‍ എംഎല്‍എ യു എസ് ശശി അന്തരിച്ചു

എംഎല്‍എ ആയിരുന്ന വി കെ രാജന്റെ മരണത്തെ തുടര്‍ന്ന് നടന്ന 1998ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശശി നിയമസഭയില്‍ എത്തിയത്.

5 May 2022 8:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്‍ എംഎല്‍എ യു എസ് ശശി അന്തരിച്ചു
X

തൃശൂര്‍: മാള മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ യു എസ് ശശി (71) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എംഎല്‍എ ആയിരുന്ന വി കെ രാജന്റെ മരണത്തെ തുടര്‍ന്ന് നടന്ന 1998ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശശി നിയമസഭയില്‍ എത്തിയത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

നെയ്തക്കുടിയില്‍ ഊര്‍ക്കോലില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെയും ഭൈമിയുടെയും മകനായി 1950 ജൂലായ് 22ന് ആണ് ജനനം. ചെത്ത് തൊഴിലാളിയായി തൊഴില്‍ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ആ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തി.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ല വൈസ് പ്രസിഡന്റ്, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, കേരള സംസ്ഥാന ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി എന്നീ നിലകളിലും സിപിഐ തൃശൂര്‍ ജില്ല അസിസ്റ്റന്‍റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ശശികലയാണ് ഭാര്യ, സനീഷ്, ശരത്കാന്ത് എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട് നടത്തും.

STORY HIGHLIGHTS: Former MLA US Sasi Passed Away

Next Story