ഹിജാബ് എന്റെ ചോയ്സാണെന്ന് ഫാത്തിമ തഹ്ലിയ; ആകെ ഉള്ള ചോയ്സ് ഹിജാബ് മഞ്ഞയാക്കണോ പച്ചയാക്കണോയെന്ന് മാത്രമെന്ന് ജസ്ല
9 Feb 2022 4:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹിജാബ് വിഷയത്തില്‍ വ്യത്യസ്ത പ്രതികരണങ്ങളുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരിയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയയും റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍. ഹിജാബ് ഒരു പെണ്‍കുട്ടിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമാണെന്ന് ഫാത്തിമ തെഹ്ലിയ പറയവെ ജസ്ല മാടശേരി ഇതില്‍ എതിരഭിപ്രായം രേഖപ്പെടുത്തി. ചോയ്സ് എന്ന് പറയുന്നത് ഹിജാബ് വേണ്ടപ്പോള്‍ ധരിക്കാനും വേണ്ടെങ്കില്‍ ധരിക്കാതിരിക്കാനുമുള്ള ചോയ്സാണ് മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നവര്‍ക്ക് ആ ചോയ്സ് ഇല്ലെന്നും ജസ്ല മാടശേരി പറഞ്ഞു.
ഹിജാബ് ഒരു സ്ത്രീയില്‍ അടിച്ചേല്‍പ്പിച്ചതാണെന്നാണ് പ്രചരിപ്പിക്കുന്നത്. മുസ്ലിം സ്ത്രീ അടിച്ചമര്ത്തപ്പെട്ടവളാമെന്നാണ് ബിജെപിയുടെ പ്രചരണം. അത്തരം ആളുകളോട് പറയാനുള്ളത് അങ്ങനെയല്ല എന്നാണ്. ഇത് എന്റെ തെരഞ്ഞെടുപ്പാണ്. മതപരമായ ആചാരമാണെങ്കിലും അല്ലെങ്കിലും എന്റെ തെരഞ്ഞെടുപ്പാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ചെറിയ കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് അവരുടെ ചോയ്സാണോ എന്ന ചോദ്യത്തിന് അത് അവരുടെ കുടുംബം വളര്‍ത്തുന്ന രീതിയാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
നമ്മുടെ ജീവിക്കുന്ന ജീവിക്കുന്ന രാജ്യത്ത് നിരവധി ആചാരങ്ങളുണ്ട്. നമ്മള് ജനിച്ചു വീഴുന്ന കുടുബവും പശ്ചാത്തലവും അനുസരിച്ചാണ് നമ്മുടെ ജീവിതരീതി രൂപപ്പെടുന്നത്. അങ്ങനെ വളരുമ്പോള്‍ നിങ്ങളുടെ സംരക്ഷണവും ഉത്തരവാദിത്വവും നിങ്ങളുടെ രക്ഷിതാക്കള്‍ക്കാണ്. കുട്ടികളെ മത വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല. വളര്‍ത്തുന്ന രീതിയായാണ് ഞാനതിനെ കാണുന്നത്. അങ്ങനെ വളര്‍ന്ന് നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തീരുമാനിക്കാനുളള അവകാശമുണ്ടല്ലോ, ഫാത്തിമ തഹ്ലിയ ചോദിച്ചു.
എന്നാല്‍ ഈ അഭിപ്രായത്തോട് ജസ്ല മാടശേരി വിയോജിച്ചു.
'ഒരു കാര്യം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും ഉള്ളിടത്താണ് ചോയ്സ് എന്ന് പറയാന്‍ പറ്റുക. എന്നെ സംബന്ധിച്ച് ഹിജാബ് എന്റെ ചോയ്സാണ്. എനിക്കത് ഇന്നിടാം നാളെ ഇടാതിരിക്കാം. പക്ഷെ മതപ്രകാരം ഇവ ധരിക്കുമ്പോള്‍ അത് അവരുടെ ചോയ്സല്ല. അതവരുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട ഒന്നാണ്. അവര്‍ക്കുള്ള ചോയ്സ് ഹിജാബ് മഞ്ഞയാക്കണോ പച്ചയാക്കണോ ചുവപ്പാക്കണോ എന്നതിലാണ്. അല്ലാതെ ഹിജാബ് വേണ്ടെന്ന് വെക്കാനുള്ള സ്പേസില്ല,' ജസ്ല മാടശേരി പറഞ്ഞു.
പതിനെട്ട് വയസ്സ് വരെ മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുന്നതിനാലാണ് കുട്ടികള്‍ പലപ്പോഴും ഹിജാബ് ധരിക്കുന്നത് എന്ന വാദത്തെയും ജസ്ല മാടശേരി എതിര്‍ത്തു.
18 വയസ്സ് വരെ കുട്ടികള്‍ക്കിടയില്‍ യാതൊരു മത ചിന്തകളും കൊടുക്കാതിരിക്കുന്നതല്ലേ അതിനേക്കാള്‍ നല്ലത്. ഇന്ന് നമ്മുടെ സമൂഹത്തില്‍ മുസ്ലിം സമൂഹത്തിലുള്‍പ്പെടെ മതചിന്തകള്‍ കുത്തിവെക്കുകയാണ്. ഹിന്ദു വിശ്വാസ പ്രകാരം അങ്ങനെത്തന്നെയാണ്. അത് വലിയ ഒരു വിഷയം തന്നെയാണെന്നും ജസ്ല മാടശേരി പറഞ്ഞു.
എന്നെ സംബന്ധിച്ച് ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും തുല്യമാണ്. നിലവിലെ സംഭവങ്ങള്‍ ബിജെപിയുടെ കടന്നു കയറ്റമാണെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷെ അതിനുള്ളിലൂടെ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന ഐലവ് ഹിജാബ്, ബോലോ തക്ബീര്‍ പോലുള്ള മുദ്രാവാക്യങ്ങളും നമ്മുടെ സമൂഹത്തില്‍ നിന്നും മാറിപ്പോവേണ്ടതുണ്ടെന്നും ജസ്ല മാടശേരി റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.
കര്‍ണാടകയില്‍ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങള്‍ വ്യക്തമാണ്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മനസ്സില്‍ മതചിന്തകള്‍ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീര്‍ത്തും വിയോജിക്കുന്നെന്നും ജസ്ല മാടശേരി പറഞ്ഞു.