'ഗവർണറുടേത് തരംതാണ ഭാഷ'; പദവിയിൽ തുടരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമെന്ന് ഇ പി ജയരാജൻ
24 Aug 2022 10:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് വോളണ്ടിയറെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഗവർണർ പദവിയിൽ ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോഗ്യനല്ല. പദവിയിൽ തുടരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. തെരുവ് ഗുണ്ടകൾ ഉപയോഗിക്കാത്ത പദപ്രയോഗങ്ങളാണ് ഗവർണറുടേതെന്നും തെറ്റുതിരുത്താൻ തയ്യാറാവണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
'അദ്ദേഹം ഒരു ആർഎസ്എസ് വോളണ്ടിയർ ആയി മാറി. ഗവർണറുടെ നിയമനം എന്തിൻറെ പ്രത്യുപകാരമാണ്. ആർഎസ്എസിന്റെ ഒരു സേവകനായി അദ്ദേഹം മാറി. അത് അദ്ദേഹത്തിന് വന്നിട്ടുളള അപചയമാണ്. ഞങ്ങളെല്ലാെം ആഗ്രഹിക്കുന്നത് അദ്ദേഹത്തെ പോലെയുളള ഒരാർ ഇത്തരത്തിൽ അധഃപതിക്കാൻ പാടില്ലായിരുന്നു എന്നാണ്. ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ല,' ഇ പി ജയരാജൻ പറഞ്ഞു.
'ഗവർണ്ണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ തുടരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഗവർണറുടേത് തരംതാണ ഭാഷയാണ്. ഇർഫാൻ ഹബീബിനെ ഗവർണർ തെരുവുതെണ്ടിയെന്ന് വിളിച്ചു. ഒരിക്കലും ഇത്തരത്തിൽ ഒരു പ്രയോഗം അദ്ദേഹം നടത്താൻ പാടില്ലായിരുന്നു. ഗവർണറുടെ സമനില തെറ്റി. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ഗവർണർ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. തെരുവ് ഗുണ്ടകൾ ഉപയോഗിക്കാത്ത പദപ്രയോഗങ്ങളാണ് ഗവർണറുടേതെന്നും തെറ്റുതിരുത്താൻ തയ്യാറാവണം,' എന്നും ഇ പി ജയരാജൻ പറഞ്ഞു.
വിഴിഞ്ഞം സമരം സംശയാസ്പദമാണ്. സമരം മൽസ്യത്തൊഴിലാളികൾക്ക് വേണ്ടിയാണോ എന്ന് സംശയം തോന്നും. സർക്കാരിന് ചെയ്യാൻ കഴിഞ്ഞതെല്ലാം ചെയ്തെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
STORY HIGHLIGHTS: ep jayarajan against Kerala governor arif Mohammed khan