ഇരട്ടനരബലി; പ്രതികള്‍ക്കെതിരെ പീഡനക്കുറ്റം കൂടി ചുമത്താന്‍ നീക്കം
ഷാഫി പണയം വെച്ച പത്മയുടെ സ്വര്‍ണ്ണം അന്വേഷണസംഘം കണ്ടെടുത്തിരുന്നു
18 Oct 2022 2:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസ് പ്രതികള്‍ക്കെതിരെ പീഡനക്കുറ്റം കൂടി ചുമത്താന്‍ അന്വേഷണ സംഘം നിയമോപദേശം തേടും. പീഡിപ്പിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന അതീവ ഗുരുതരമായ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ് എന്നിവരുടെ ശേഷി പരിശോധന പൊലീസ് ഇന്നലെ നടത്തിയിരുന്നു.
ഷാഫി, ഭഗവല്‍ സിംഗ് എന്നിവരുടെ ദേഹ പരിശോധനയില്‍ സംശയകരമായ ചില മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ ആരോഗ്യ സ്ഥിതി മൂന്ന് ദിവസം കൂടുമ്പോള്‍ പരിശോധിച്ച് വിലയിരുത്തണമെന്ന് കോടതി നിര്‍ദേശമുണ്ട്.
ഷാഫി പണയം വെച്ച പത്മയുടെ സ്വര്‍ണ്ണം അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കൊച്ചി ഗാന്ധി നഗറിലെ സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. വീണ്ടെടുത്ത സ്വര്‍ണം പത്മത്തിന്റേതാണെന്ന് മകനും സഹോദരിയും സ്ഥിരീകരിച്ചു.
സ്വര്‍ണം പണയം വെച്ച് 1,10,000 രൂപ വായ്പ എടുത്തുവെന്ന് ഷാഫി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണം കണ്ടെടുത്തത്. ഷാഫിയുടെ വീടിന്റെ അടുത്ത ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്.
പണയം വെച്ച് ലഭിച്ച തുകയില്‍ നിന്നും 40,000 രൂപ വീട്ടില്‍ ഏല്‍പ്പിച്ചുവെന്നും ഷാഫി മൊഴി നല്‍കിയിരുന്നു. എന്നാല്‍ വാഹനം വിറ്റുകിട്ടിയ പണം ആണ് ഇതെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തന്നെ ഏല്‍പ്പിച്ചതെന്നാണ് ഷാഫിയുടെ ഭാര്യ നബീസ പൊലീസിനോട് പറഞ്ഞത്. ഈ പണം കൊണ്ട് പണയത്തിലുള്ള മകളുടെ സ്വര്‍ണം തിരിച്ചെടുത്തെന്നും നബിസ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു പരിശോധന.
Story highlights: Elanthoor case enquiry updates