Top

ഹേമ റിപ്പോര്‍ട്ടില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഇടവേള ബാബുവും സിദ്ദിഖും മണിയന്‍ പിള്ളയും; മൂവരും ദിലീപ് അനുകൂലികള്‍

'അമ്മ' പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മൂന്ന് പേരും ദിലീപ് അനുകൂലികള്‍

3 May 2022 6:35 PM GMT
ഫിൽമി റിപ്പോർട്ടർ

ഹേമ റിപ്പോര്‍ട്ടില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഇടവേള ബാബുവും സിദ്ദിഖും മണിയന്‍ പിള്ളയും; മൂവരും ദിലീപ് അനുകൂലികള്‍
X

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ 'അമ്മ'യുടെ പ്രതിനിധികളായി പങ്കെടുക്കുന്നത് മൂന്ന് പേര്‍. ഈ മൂന്ന് പേരില്‍ സ്ത്രീകളായി ആരുമില്ല. താരസംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരുമായാണ് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നാളെ ചര്‍ച്ച നടത്തുക. വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് അന്തിമ ഘട്ടത്തിലെത്തൂയെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരമാണ് അഭിനേതാക്കളുടെ സംഘടനയുമായും ചര്‍ച്ച നടത്തുന്നത്.

'അമ്മ'യുടെ പ്രതിനിധികളായി സര്‍ക്കാരിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മൂന്ന് പേരും പ്രത്യക്ഷമായി ദിലീപ് അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റിയവരാണ് സിദ്ദിഖും ഇടവേള ബാബുവും. ഇരുവരുടേയും മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നതായും ദിലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായും ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നാണ് ഇടവേള ബാബു ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. പക്ഷെ, കോടതിയില്‍ എത്തിയപ്പോള്‍ തനിക്ക് ഓര്‍മ്മയില്ല എന്ന് ഇടവേള ബാബു മൊഴി മാറ്റി. വിജയ് ബാബുവിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ 'ഐസിസിക്ക് റോളില്ല' എന്ന് ഇടവേള ബാബു പറഞ്ഞതായി നടി മാല പാര്‍വ്വതി തുറന്നടിച്ചിരുന്നു.

അമ്മ സംഘടനയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായതായി സിദ്ദിഖും പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സിദ്ദിഖ് തയ്യാറായില്ല. തുടര്‍ന്ന് സിദ്ദിഖ് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തികൊണ്ടിരുന്ന സമയത്ത് സിദ്ദിഖ് അന്വേഷിച്ചെത്തിയത് വാര്‍ത്തയായിരുന്നു. അമ്മ സംഘടനയക്ക് അകത്ത് ദിലീപിനെ പിന്തുണച്ച് ശക്തമായി മുന്നില്‍ നിന്നതും ദിലീപിനെതിരെ നടപടി വന്നപ്പോള്‍ ശക്തമായി എതിര്‍ത്തതും സിദ്ദിഖ് ആയിരുന്നു.

വിജയ് ബാബു വിഷയത്തില്‍ 'അമ്മ' ഭാരവാഹി യോഗത്തില്‍ അവസാന നിമിഷം അട്ടിമറി നടന്നതിന് പിന്നില്‍ സിദ്ദിഖ് ആണെന്ന് ആരോപണമുയര്‍ന്നിരുന്നു. പുറത്താക്കാമെന്ന തീരുമാനം ഏതാണ്ട് ഉറപ്പിച്ചിരിക്കെ തൊട്ടുമുന്‍പ് വിജയ് ബാബുവിന്റെ 'മാറി നില്‍ക്കല്‍' കത്ത് എത്തിയതിന് പിന്നില്‍ സിദ്ദിഖിന് പങ്കുള്ളതായും ആരോപണമുണ്ട്. ഭാരവാഹി യോഗത്തില്‍ സിദ്ദിഖ് 'ഐസിസിക്ക് എന്ത് കാര്യം' എന്ന് ചോദിച്ചെന്ന് മാല പാര്‍വ്വതി പറയുകയുണ്ടായി.

സമിതിയുടെ നിര്‍ദ്ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച നടിമാരെ 'അമ്മ' ഉപാദ്ധ്യക്ഷന്‍ മണിയന്‍ പിള്ള രാജു പരിഹസിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാല പാര്‍വ്വതി പോയാല്‍ വേറെ ആള്‍ വരുമെന്നും അവര്‍ക്ക് മറ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കാമെന്നും മണിയന്‍ പിള്ള രാജു പ്രതികരിച്ചു. വിജയ് ബാബുവിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ട. മുന്‍പ് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് പറഞ്ഞ മണിയന്‍ പിള്ള രാജു ദിലീപിനെ പുറത്താക്കിയത് എടുത്തുചാടിയെടത്ത തീരുമാനമാണെന്നും പ്രസ്താവന നടത്തി.

STORY HIGHLIGHTS: Dileep Supporters Idavela Babu, Siddique and Maniyanpilla Raju will be representatives of 'AMMA' to discussion over Hema Committee report

Next Story