Top

'പരാതിക്കാരി നേരിട്ട അപമാനത്തിന്റെ ആഴം മനസിലായി'; ശ്രീനാഥ് ഭാസി വിഷയത്തിലെ പോസ്റ്റ് പിന്‍വലിച്ച് ദീപാ നിശാന്ത്

'അബ്യൂസിനിരയായ പെൺകുട്ടി നേരിട്ട് പറഞ്ഞാൽ പിന്നെയും നിലനിർത്തുന്നത് ശരിയല്ല എന്ന ബോധ്യത്തിൽ പോസ്റ്റ് പിൻവലിക്കുന്നു'

26 Sep 2022 7:51 AM GMT
ഫിൽമി റിപ്പോർട്ടർ

പരാതിക്കാരി നേരിട്ട അപമാനത്തിന്റെ ആഴം മനസിലായി; ശ്രീനാഥ് ഭാസി വിഷയത്തിലെ പോസ്റ്റ് പിന്‍വലിച്ച് ദീപാ നിശാന്ത്
X

ചാനൽ പരിപാടിക്കിടയിൽ അവതാരകയെ നടൻ ശ്രീനാഥ് ഭാസി അപമാനിച്ച വിഷയത്തിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചതായി എഴുത്തുകാരി ദീപ നിശാന്ത്. ശ്രീനാഥ് ഭാസിയാൽ അപമാനിക്കപ്പെട്ട പെൺകുട്ടി തന്നെ വിളിച്ചിരുന്നു. അവർ അനുഭവിച്ച അപമാനത്തിന്റെ ആഴം മനസിലായെന്നും അതിനാൽ മുൻപ് നടനെ പിന്തുണച്ച് താൻ പങ്കുവെച്ച കുറിപ്പ് പിൻവലിച്ചതായും ദീപ നിശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

'ശ്രീനാഥ് ഭാസിയാൽ വാക്കുകൾ കൊണ്ട് അപമാനിക്കപ്പെട്ട പെൺകുട്ടി വിളിച്ചിരുന്നു. അവരനുഭവിച്ച അപമാനത്തിൻ്റെ ആഴത്തെപ്പറ്റി കേട്ടു. തൊഴിലിടത്തിൽ നേരിടേണ്ടി വരുന്ന ഇത്തരം അപമാനങ്ങൾ അവരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും മുറിപ്പെടുത്തുന്നതാണ്. ഇപ്പോഴത്തെ മാപ്പ് പറച്ചിലിൽ അവർക്ക് വിശ്വാസ്യതയില്ല.അവർ നിയമപരമായിത്തന്നെ മുന്നോട്ടു നീങ്ങുകയാണ്. ക്ഷമ ചോദിക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും, അതിന് സമയം കൊടുത്തിട്ടും അയാൾ പ്രകോപിപ്പിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത് എന്ന് വെർബൽ അബ്യൂസിനിരയായ പെൺകുട്ടി നേരിട്ട് പറഞ്ഞാൽ പിന്നെയും ആ പോസ്റ്റ് നിലനിർത്തുന്നത് ശരിയല്ല എന്ന ബോധ്യത്തിൽ പോസ്റ്റ് പിൻവലിക്കുന്നു. ഒരു പെൺകുട്ടിയുടെ അനുഭവത്തെ, വൈകാരികതയെ പൂർണ്ണാർത്ഥത്തിൽ ബഹുമാനിക്കുന്നു', ദീപ നിശാന്ത് കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ പിന്തുണച്ചുള്ള പോസ്റ്റ് ദീപ നിശാന്ത് പങ്കുവെച്ചത്. ശ്രീനാഥ് ഭാസിയുടെ അഭിമുഖം കണ്ടപ്പോൾ ഇയാൾക്ക് എഴുന്നേറ്റ് പോയാൽ പോരെ എന്ന് തോന്നി. പക്ഷെ നിരുപാധികം ക്ഷമ ചോദിക്കുന്നത് കാണുമ്പോൾ നടനോടുള്ള വിധ്വേഷം അലിഞ്ഞു പോകുന്നതായാണ് ദീപ ഫേസ്ബുക്കിൽ കുറിച്ചത്.


ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു.

നിർമ്മാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നൽകിയിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. ശ്രീനാഥ് വിഷയം മുഖ്യ ചർച്ച നടത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടനയും വ്യക്തമായി. ശ്രീനാഥിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം. നിലവിൽ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബർ നടപടിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പുതിയ പരാതി ലഭിച്ചിരിക്കുന്നത്. ഇതിനിടെ എഫ് എം റേഡിയോ അവതാരകനോട് സമാനമായ രീതിയിൽ അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.

വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും നടന്‍ വ്യക്തമാക്കി. അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് താൻ എണീറ്റ് പോയത് എന്നും ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല എന്നും ശ്രീനാഥ് ഭാസി റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

story highlights: deepa nishanth says that she deletes the post supporting sreenath bhasi

Next Story