Top

'സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വാസം'; നിരാഹാര സമരം അവസാനിപ്പിച്ച് ദയാബായി

എയിംസ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമുണ്ടാകണമെന്നും ദയാബായി ആവശ്യപ്പെട്ടു.

19 Oct 2022 10:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വാസം; നിരാഹാര സമരം അവസാനിപ്പിച്ച് ദയാബായി
X

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തി കൊണ്ടിരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സാമൂഹിക പ്രവര്‍ത്തക ദയാബായി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ദയാബായി പറഞ്ഞു. എയിംസ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമുണ്ടാകണമെന്നും ദയാബായി ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് അഞ്ച് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ സംഘത്തെ നിയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നടത്താറുള്ള ചികിത്സ ക്യാമ്പ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍ഗോഡിനെ കൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദയാബായി സമരം നടത്തിയത്. ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ തീരുമാനം ഇല്ലാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടായിരുന്നു ദയാബായി സ്വീകരിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും ദയാബായിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

പ്രായോഗികമായി എന്ത് നടപടി എടുത്തുവെന്ന് അറിയിക്കണമെന്ന് ദയാബായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ രേഖാമൂലം കൈമാറിയത്. എന്നാല്‍ ദയാബായി ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ല.

Next Story