Top

സെക്രട്ടേറിയേറ്റിലും, കെഎസ്ആര്‍ടിസിയിലും കൊവിഡ് ബാധ രൂക്ഷം, പ്രതിസന്ധി

18 Jan 2022 5:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെക്രട്ടേറിയേറ്റിലും, കെഎസ്ആര്‍ടിസിയിലും കൊവിഡ് ബാധ രൂക്ഷം, പ്രതിസന്ധി
X

സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമായി തുടരുമ്പോള്‍ സെക്രട്ടേറിയേറ്റിന്റെയും കെ എസ് ആര്‍ടിസിയുടേയും പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്ക് വലിയ തോതില്‍ രോഗം ബാധ സ്ഥിരീകരിച്ച സാഹചര്യമാണ് നിലവിലുള്ളത്. സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം അഞ്ചോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളിലും കൊവിഡ് രോഗബാധ വ്യാപകമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടേറിയേറ്റിന്റെ മൂന്നാം നിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കണമെന്ന് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.

സെക്രട്ടേറിയേറ്റിന് പുറമെ കെഎസ്ആര്‍ടിസിയിലും പ്രതിസന്ധി രൂക്ഷമാക്കി കൊവിഡ് വ്യാപനം തുടരുകയാണ്. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചുകഴിഞ്ഞ്ിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്ക് കൊവിഡ്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് ആകെ 399 ബസുകള്‍ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്.

ഇതിനിടെ, പൊതുവിദ്യാഭ്യാസ മന്ത്രി മന്ത്രി ശിവന്‍ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവന്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് മന്ത്രിക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ 10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയത്. ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്നാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞിരുന്നു. ജനുവരി ഏഴിന് കൊവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. എന്നാല്‍ കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കൊവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ആവശ്യപ്പെട്ടിരുന്നു.

Next Story