Top

ദിലീപിന്റെ ഫോണിലെ കോടതിരേഖ; ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിചാരണക്കോടതിയുടെ അനുമതി

ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം രേഖകള്‍ ചോര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചോ?, കോടതി ജീവനക്കാരെ ദിലീപ് നേരിട്ട് സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുക.

21 April 2022 3:30 PM GMT
റെയ്ക്കാഡ് അപ്പു ജോർജ്ജ്

ദിലീപിന്റെ ഫോണിലെ കോടതിരേഖ; ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിചാരണക്കോടതിയുടെ അനുമതി
X

കൊച്ചി: ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയ വിഷയത്തില്‍ അന്വേഷണം തുടരാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി. കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിചാരണക്കോടതി അന്വേഷണ സംഘത്തെ അനുവദിച്ചു. വിചാരണക്കോടതിയിലെ ശിരസ്തദാറേയും തൊണ്ടി സൂക്ഷിപ്പുകാരനേയും ചോദ്യം ചെയ്യാനാണ് അനുമതി. ഇന്നത്തെ സിറ്റിങ്ങിലാണ് നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന വിചാരണക്കോടതിയുടെ അനുവാദം നല്‍കല്‍ ഉത്തരവ്.

കോടതി രേഖ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഫോര്‍വേഡ് നോട്ട് എങ്ങനെ ചോര്‍ന്നെന്ന് വിചാരണക്കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. അന്വേഷണസംഘത്തെ വിചാരണക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് പരിഗണിക്കുന്നത് മെയ് 31ലേക്ക് മാറ്റി. എന്നാല്‍ ഉച്ച കഴിഞ്ഞുള്ള സിറ്റിങ്ങില്‍ ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷന്‍ പുതിയ തെളിവുകള്‍ ഹാജരാക്കിയതിനേത്തുടര്‍ന്നായിരുന്നു ഇത്. ശിരസ്തദാറേയും തൊണ്ടി ക്ലാര്‍ക്കിനേയും ചോദ്യം ചെയ്ത ശേഷം മറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖയുടെ കളര്‍ പ്രിന്റ് എത്തിയതിനോട് അനുബന്ധിച്ച ദിവസങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാകും ചോദ്യം ചെയ്യുക.

ദിലീപിന്റെ ഫോണില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരിലേക്ക് അന്വേഷണമെത്തുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം നല്‍കിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇവ കോടതിയില്‍ നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകള്‍ അല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിലീപ് രേഖകള്‍ സംഘടിപ്പിച്ചത് നിയമവിരുദ്ധമായാമെന്ന് വ്യക്തമായതോടെ ഇവ എങ്ങനെ പ്രതിയുടെ പക്കലെത്തിയെന്ന അന്വേഷണത്തിലേക്ക് പ്രവേശിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമം.

ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം രേഖകള്‍ ചോര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചോ?, കോടതി ജീവനക്കാരെ ദിലീപ് നേരിട്ട് സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുക. രേഖകളും ദൃശ്യങ്ങളും ചോര്‍ന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും സ്ഥീരീകരിക്കുകയും ചെയ്തത് അന്വേഷണ സംഘത്തിന് ശക്തമായ പിന്‍ബലമാകുന്നുണ്ട്.

ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തതില്‍ അന്വേഷണം വൈകുന്നു

കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ഡിസംബര്‍ 13 ന് മെമ്മറി കാര്‍ഡ് തുറന്ന് ദൃശ്യങ്ങള്‍ കണ്ടു എന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നതോടെയാണ് ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ആക്‌സസ് ചെയ്ത കാര്യം ഫോറന്‍സിക് സയന്‍സ് ലാബ് സ്ഥിരീകരിച്ചത്. ആരാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും ഇത് പകര്‍ത്തിയോ എന്നതുമാണ് പൊലീസിന് അറിയേണ്ടത്.

ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഫോര്‍വേഡ് നോട്ട് ഫോറന്‍സിക് സംഘത്തിന് കോടതി ഇതുവരെ കൈമാറിയിട്ടില്ല. അന്വേഷണ സംഘത്തിന് സുപ്രധാന സംശയങ്ങളാണ് നോട്ടിലുള്ളത്. ഫോര്‍വേഡ് നോട്ട് കൈമാറാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നതായി വിലയിരുത്തലുണ്ട്. ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തതില്‍ ശിരസ്തദാറേയും തൊണ്ടി ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. കൃത്രിമം നടന്നോയെന്നറിയാന്‍ ഫോര്‍വേഡ് നോട്ടിനൊപ്പമാണ് ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് മെമ്മറി കാര്‍ഡ് അയക്കേണ്ടത്. മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തതിനേക്കൂറിച്ച് കൂടുതല്‍ വ്യക്തത വന്നതിന് ശേഷമുള്ള ചോദ്യം ചെയ്യലേ ഫലപ്രദമാകൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ദൃശ്യങ്ങള്‍ കോടതിയില്‍ നിയമവിരുദ്ധമായി ആക്‌സസ് ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി ആയിരുന്നു പുറത്തുവിട്ടത്. തുടര്‍ന്നാണ് അതിജീവിത ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ സുപ്രീംകോടതി ഹൈക്കോടതി രജിസ്ട്രാറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനിടയിലാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘവും അന്വേഷണം തുടങ്ങിയത്.

Story Highlights: court document leak actress attacked case trial court gives permission to interrogate officers

Next Story