Top

'കോണ്‍ഗ്രസില്‍ ഭിന്നത'; ജോജു വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി നേതാക്കള്‍

ജോജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സമീപനം അംഗീകരിക്കുവാനും പൊറുക്കുവാനും കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍ വ്യക്തമാക്കിയിരുന്നു.

10 Nov 2021 9:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസില്‍ ഭിന്നത; ജോജു വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി നേതാക്കള്‍
X

ജോജു ജോര്‍ജ് വിഷയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന സമരരീതിയില്‍ നേതാക്കന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം. ജോജുവിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിലുള്ള സിനിമ ചിത്രീകരണങ്ങളില്‍ ഇടപെടുമെന്നും യൂത്ത് കോണ്‍ഗ്രസ് ഇതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് മറ്റു നേതാക്കള്‍ക്ക് ഉള്ളത്. ജോജുവിനെതിരെയുള്ള പ്രതിഷേധം ചിത്രീകരണം അടക്കമുള്ള വിഷയങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നാണ് കെ സുധാകരന്‍ അടക്കമുള്ളവരുടെ അഭിപ്രായം.

ജോജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സമീപനം അംഗീകരിക്കുവാനും പൊറുക്കുവാനും കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍ വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സിനിമ ചിത്രീകരണം നടന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെടുമെന്നും നുസൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സ്വന്തം പാര്‍ട്ടിയിലെ വനിതാപ്രവര്‍ത്തകര്‍ക്ക് നേതാക്കളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കഴിയാത്ത ഡിവൈഎഫ്‌ഐ നേതൃത്വമാണ് സിനിമ മേഖലയ്ക്ക് സംരക്ഷണം കൊടുക്കാന്‍ തീരുമാനിച്ചത് എന്നത് അപഹാസ്യകരമാണെന്ന കുറിപ്പോടെയായിരുന്നു നുസൂറിന്റെ പ്രതികരണം.

എന്നാല്‍ ജോജുവുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സിനിമ ചിത്രീകരണം തടയരുതെന്നാണ് പ്രവര്‍ത്തകര്‍ക്ക് കെപിസിസി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം ജോജുവിന് എതിരെയുള്ള സമരത്തെ തള്ളി പറഞ്ഞിട്ടില്ലെന്നും സമരം ജോജുവില്‍ മാത്രം കേന്ദ്രീകരിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കും. പ്രശ്‌നം തീര്‍ക്കാന്‍ മന്നോട്ടു വന്നത് ജോജുവാണെന്നും വിഷയത്തില്‍ സിപിഐഎം നേതാവിന്റെ ഇടപെടല്‍ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സിനിമ വ്യവസായത്തെ ശല്യപ്പെടുത്തുന്ന ഒരു നീക്കവും കോണ്‍ഗ്രസിന്റെയോ പോഷക സംഘടനകളുടെയോ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും കെപിസിസി തീരുമാനം ലംഘിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി. സിനിമ ചിത്രീകരണം തടഞ്ഞാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കെപിസിസിയുടെ ഇടപെടലിനു വഴിയൊരുക്കിയത്. ചൊവ്വാഴ്ച്ച ചേര്‍ന്ന കെപിസിസി യോഗത്തിന് പിന്നാലെയാണ് ഇനി ലൊക്കേഷനുകളിലേക്ക് മാര്‍ച്ച് നടത്തരുതെന്ന് കെപിസിസി അധ്യക്ഷന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Next Story

Popular Stories