'സിപിഐഎം നിലപാട് പരിഹാസ്യം'; ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ കൂറുമാറിയതിനെതിരെ സിപിഐ
ബിജെപി- ആര്‍എസ്എസ് പ്രതികളെ രക്ഷിക്കാനുള്ള സിപിഐഎം നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു
30 Jan 2023 6:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാസര്‍കോട്: മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ ആക്രമിച്ച കേസില്‍ സിപിഐഎം സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ സിപിഐ. എല്‍ഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി മൊഴികൊടുക്കുന്നതിന് പകരം ബിജെപി- ആര്‍എസ്എസ് പ്രതികളെ രക്ഷിക്കാനുള്ള സിപിഐഎം നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഫേസ് ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഇടപെടണമെന്നും ആവശ്യമുണ്ട്.
കേസില്‍ സാക്ഷികളായ സിപിഐഎം നേതാക്കള്‍ കൂറുമാറിയതിനു പിന്നാലെയാണ് പരസ്യ പ്രതികരണവുമായി സിപിഐ നേതൃത്വം തന്നെ രംഗത്തെത്തിയത്. തെളിവുകളുടെ അഭാവത്തില്‍ 12 ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം കോടതി വെറുതേ വിട്ടിരുന്നു. 2016 മേയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കാഞ്ഞങ്ങാട് മാവുങ്കാലില്‍ നടന്ന ആഹ്‌ളാദപ്രകടനത്തിനിടെയാണ് ഇ ചന്ദ്രശേഖരന് നേരെ ആക്രമണമുണ്ടായത്. അക്രമണത്തില്‍ എംഎല്‍എയുടെ ഇടത് കൈയ്യെല്ലിന് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരന്‍ ഒന്നാം പിണറായി സര്‍ക്കാറില്‍ റവന്യൂ മന്ത്രിയായി ചുമതലയേറ്റത്. സത്യപ്രതിജ്ഞ വേളയിലെ ചിത്രം ഉള്‍പ്പടെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.
ചന്ദ്രശേഖരനൊപ്പം പരുക്കേറ്റ സിപിഐഎം ജില്ലാ കമ്മിറ്റിയംഗമായ ടി കെ രവി വിചാരണയ്ക്കിടെയാണ് കൂറുമാറിയത്. ആര്‍എസ്എസ്, ബിജെപി. പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സിപിഐഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയവും പരിഹാസൃവുമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനമുണ്ട്. സിപിഐഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവമായി കാണണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.
Story Highlights: Chandrasekharan Attack Case CPI Against CPIM
- TAGS:
- CPIM
- CPI
- E Chandrasekharan