വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കാന്‍ സര്ക്കാന്; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
16 Aug 2022 6:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വിസി നിയമന സമിതിയുടെ ഘടന മാറ്റും. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ നോമിനേറ്റ് ചെയ്യുക സര്‍ക്കാരായിരിക്കും. സെര്‍ച്ച് കമ്മിറ്റിയുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ച് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ബില്‍ വരുന്ന സഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന് കഴിഞ്ഞ ദിവസമായിരുന്നു ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. സര്‍വ്വകലാശാലകളുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണം. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും, ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു.
അംബേദ്കര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം ബി മേനോന് അധ്യക്ഷനായ പരിഷ്കരണ കമ്മീഷന്റേതായിരുന്നു ശുപാര്‍ശ. വൈസ് ചാന്‍സലറുടെ കാലാവധി അഞ്ചു വര്‍ഷം വരെയാകാം. 70 വയസുവരെ രണ്ടാം ടേമിനും പരിഗണിക്കാം. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മൂന്നുപേരില്‍ നിന്ന് വൈസ് ചാന്‍സലറെയും തെരഞ്ഞെടുക്കാം എന്നും ശുപാര്ശയിലുണ്ടായിരുന്നു. നേരത്തെ എന്‍ കെ ജയകുമാര്‍ അദ്ധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷനും വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
Story Highlights: Cabinet Approved The Bill That Reduce Governor's Power