Top

'അമ്മ'യുടെ ജനറൽ ബോഡി ഇന്ന്; വിജയ് ബാബു, ഐ സി കമ്മറ്റിയിലെ രാജി എന്നിവ ചർച്ചയായേക്കും

26 Jun 2022 4:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്മയുടെ ജനറൽ ബോഡി ഇന്ന്; വിജയ് ബാബു, ഐ സി കമ്മറ്റിയിലെ രാജി എന്നിവ ചർച്ചയായേക്കും
X

കൊച്ചി: താരസംഘടന 'അമ്മ'യുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ രാവിലെ 10.30നാണ് യോഗം ചേരുക. കൊച്ചിയിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വെച്ചാണ് യോഗം നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബു വിഷയത്തിൽ അമ്മ കൈക്കൊണ്ട നിലപാടും ആഭ്യന്തര പരാതി പരിഹാര സമിതി അംഗങ്ങളുടെ രാജിയും യോഗത്തിൽ പ്രധാന ചർച്ച വിഷയമാവും. നാല് മണിയ്ക്ക് 'അമ്മ' ഭാരവാഹികൾ മാധ്യമങ്ങളെ കാണും.

വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി, നടൻ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ പ്രധാനമായും ചർച്ചയാവും. വിജയ് ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ മെല്ലെപ്പോക്കിന് പിന്നാലെ, 'അമ്മ'യുടെ സ്ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഹരീഷ് പേരടി രാജിവെച്ചത്.

വിജയ് ബാബുവിനെ സസ്പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്ന് ശ്വേത മേനോൻ അധ്യക്ഷയായ, അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ ശുപാർശ ചെയ്‍തിരുന്നു. എന്നാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് വിജയ് ബാബുവിനെതിരായ സംഘടനാ നടപടി ചുരുങ്ങി. ഇതിൽ പ്രതിഷേധിച്ച് ശ്വേത മേനോൻ, കുക്കു പരമേശ്വരൻ, മാലാ പാർവ്വതി എന്നിവർ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് രാജി വച്ചിരുന്നു. കൊവിഡ് ക്വാറന്റെെനിലായതിനാൽ നടി മാല പാർവതി ഇന്ന് യോഗത്തിൽ പങ്കെടുക്കുന്നില്ല.

അതേസമയം കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ വിമൺ ഇൻ സിനിമാ കലക്ടീവ് രംഗത്തെത്തിയിരുന്നു. അതിജീവിതയ്ക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിഷയത്തിൽ തങ്ങൾ നടിക്കൊപ്പം ആണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

STORY HIGHLIGHTS: Annual general body meeting of AMMA will be held in Kochi today

Next Story