'ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മകനും മൂത്തമകളും'; പ്രാര്‍ത്ഥനയിലൂടെ ഭേദമാകുമെന്ന നിലപാടിലെന്ന് സഹോദരന്‍
പിതാവിന് മികച്ച ചികിത്സ നല്‍കണമെന്നാണ് ഇളയ മകളുടെ ആവശ്യമെന്നും അലക്‌സ് ചാണ്ടി
6 Feb 2023 9:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുകയാണെന്ന് ആവര്‍ത്തിച്ച് സഹോദരന്‍ അലക്‌സ് ചാണ്ടി. ഭാര്യയും മകനും മൂത്തമകളുമാണ് ചികിത്സ നല്‍കേണ്ടെന്ന് പറയുന്നത്. പ്രാര്‍ത്ഥനയിലൂടെ രോഗം ഭേദമാകുമെന്ന നിലപാടിലാണ് ഇവര്‍. പിതാവിന് മികച്ച ചികിത്സ നല്‍കണമെന്നാണ് ഇളയ മകളുടെ ആവശ്യമെന്നും അലക്‌സ് ചാണ്ടി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണ്. അതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ നല്‍കുന്നുണ്ടെന്ന കുടുംബത്തിന്റെ വിശദീകരണം തെറ്റാണ്. പരാതി നല്‍കിയ ശേഷം പിന്‍വലിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മര്‍ദ്ദം ചെലുത്തിയെന്നും അലക്‌സ് ചാണ്ടി ആരോപിച്ചു.
ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് അലക്‌സ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന സമുന്നതനായ രാഷ്ട്രീയ നേതാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ചികിത്സയ്ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും അലക്‌സ് ചാണ്ടി ആവശ്യപ്പെട്ടു.
ആരോപണം നിഷേധിച്ച് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചായിരുന്നു ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്. തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും പാര്‍ട്ടിയും കുടുംബവും എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞിരുന്നു.
Story Highlights: Alex Chandy Against Oommen Chandy's Wife, Son And Daughter