Top

'പിഎഫ്‌ഐ ജനാധിപത്യ സംഘടന'; കേസുണ്ടോ ഇല്ലേയോ എന്നത് വിഷയമല്ലെന്ന് അലന്‍ ഷുഹൈബ്

''യുഎപിഎയ്ക്ക് എതിരായി പറയുന്ന സമയത്ത് ഇത്തരത്തില്‍ സ്റ്റേറ്റ് നടത്തുന്ന വയലന്‍സിനെതിരായ സംസാരിക്കുന്ന ആളാണ്.''

2 Nov 2022 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിഎഫ്‌ഐ ജനാധിപത്യ സംഘടന; കേസുണ്ടോ ഇല്ലേയോ എന്നത് വിഷയമല്ലെന്ന് അലന്‍ ഷുഹൈബ്
X

കണ്ണൂർ: ജനാധിപത്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് അലന്‍ ഷുഹൈബ്. സംഘടനയ്‌ക്കെതിരെ കേസുണ്ടോ ഇല്ലേയോ എന്നത് വിഷയമല്ലെന്നും യുഎപിഎ സെക്ഷന്‍ 15 പ്രകാരം നരേന്ദ്രമോദി സര്‍ക്കാരിന് നിലവില്‍ ഏത് സംഘടനയെയും നിരോധിക്കാമെന്ന സാഹചര്യമാണുള്ളതെന്നും അലന്‍ ഷുഹൈബ് പറഞ്ഞു. സോഷ്യല്‍മീഡിയയിലെ പിഎഫ്‌ഐ പിന്തുണ പോസ്റ്റിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് അലന്റെ മറുപടി.

അലന്‍ ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞത്: ''യുഎപിഎ സെക്ഷന്‍ 15 പ്രകാരം നിലവില്‍ നരേന്ദ്രമോദി സര്‍ക്കാരിന് ഏത് സംഘടനയെയും നിരോധിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ പിഎഫ്‌ഐ പോലൊരു സംഘടനയെ, അവര്‍ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. കേസുണ്ടോ ഇല്ലേയോ എന്നത് അല്ല വിഷയം. ജനധിപര്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. ഒരു സുപ്രഭാതത്തില്‍ നിരോധിക്കപ്പെടുന്നു. നേതാക്കന്‍മാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഞാന്‍ യുഎപിഎയ്ക്ക് എതിരായിട്ടുള്ള മനുഷ്യനാണ്. അത് ചാര്‍ജ് ചെയ്യപ്പെട്ട ഒരാളാണ്. 10 മാസം ജയില്‍ കിടന്നിട്ടുണ്ട്. ഞാന്‍ യുഎപിഎയ്ക്ക് എതിരായി പറയുന്ന സമയത്ത് ഇത്തരത്തില്‍ സ്റ്റേറ്റ് നടത്തുന്ന വയലന്‍സിനെതിരായ സംസാരിക്കുന്ന ആളാണ്. യുഎപിഎ റിസര്‍വ്വ് ചെയ്തിട്ടുള്ള സാധനമല്ല. സിപിഐഎമ്മിനുണ്ട്. ടിഎംസി, കോണ്‍ഗ്രസ്, സിപിഐ പലര്‍ക്കുമുണ്ട് യുഎപിഎ.''

അതേസമയം, പാലയാട ക്യാമ്പസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലന്‍ ഷുഹൈബിനെതിരെ ധര്‍മടം പൊലീസ് കേസെടുത്തു. ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി അബിന്‍ സുബിനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. വിദ്യാര്‍ത്ഥിയെ ക്യാമ്പസിന് മുന്നില്‍ വെച്ച് മര്‍ദ്ദിച്ചെന്നാണ് എസ്എഫ്‌ഐയുടെ പരാതി. പരുക്കേറ്റ അബിനെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലന്‍ ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ഥികള്‍ക്ക് എതിരെയാണ് അബിന്‍ പരാതി നല്‍കിയത്.

തനിക്കെതിരെയുള്ളത് വ്യാജപരാതിയാണെന്ന് അലന്‍ പ്രതികരിച്ചു. എസ്എഫ്‌ഐ കള്ളം ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്ന് അലന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പസ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വോട്ട് ചെയ്യാതിരുന്ന മുര്‍ഷിദ് എന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥിയെ ബാത്ത്‌റൂമില്‍ കൊണ്ട് പോയി നിലവിലെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയതില്‍ പ്രകോപിതരായ എസ്എഫ്‌ഐ റാഗിംങ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതാണ് നിലവില്‍ സംഭവിച്ചിരിക്കുന്നതെന്നുമാണ് അലന്‍ ഷുഹൈബ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്.

എന്നാല്‍ ഇരവാദം ഉന്നയിച്ച് ക്യാമ്പസില്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണ് അലന്‍ സുഹൈബ് ഉള്‍പ്പെടെയുള്ളവര്‍ എന്നാണ് എസ്എഫ്‌ഐ മറുപടി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മനപൂര്‍വം അലനും സംഘവും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ പറഞ്ഞു.

Next Story