ആഷിഖ് അബു കയർത്ത് സംസാരിച്ചു, കമ്മീഷൻ ചോദിച്ചത് സംഘടനയ്ക്ക് വേണ്ടി: സിബി മലയിൽ

'ആഷിഖ് അബുവിനോട് വ്യക്തിപരമായി പ്രശ്നങ്ങൾ ഇല്ല'
ആഷിഖ് അബു കയർത്ത് സംസാരിച്ചു, കമ്മീഷൻ ചോദിച്ചത് സംഘടനയ്ക്ക് വേണ്ടി: സിബി മലയിൽ
Updated on

കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന് മറുപടിയുമായി സിബി മലയിൽ. ആഷിഖ് അബു തന്നോട് കയർത്ത് സംസാരിച്ചുവെന്നാരോപിച്ച സിബി മലയിൽ പ്രതിഫല തർക്കം പരിഹരിക്കാൻ കമ്മീഷൻ ചോദിച്ചത് സംഘടനയ്ക്ക് വേണ്ടിയാണെന്നും വ്യക്തമാക്കി. എല്ലാ യൂണിയനുകളിലും ഇങ്ങനെ കമ്മീഷൻ വാങ്ങുന്ന രീതിയുണ്ട്. പൂർണ മനസ്സോടെയല്ല കമ്മീഷൻ തന്നത് എന്നതിനാൽ പണം തിരിച്ചു നൽകി. ആഷിഖ് അബുവിനോട് വ്യക്തിപരമായി പ്രശ്നങ്ങൾ ഇല്ല. വിഷയത്തിൽ പരസ്യ തർക്കത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ പവർ ഗ്രൂപ്പ്‌ പ്രായോഗികമല്ല. പവർ ഗ്രൂപ്പ് സിനിമയിൽ അസാധ്യമാണ്. തന്റെ അനുഭവത്തിൽ അങ്ങനെ ഒന്നില്ലെന്നും സിബി മലയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഹേമ കമ്മറ്റി റിപ്പോർട്ടിലും അവ്യക്തതയുണ്ട്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അതിൽ ആരൊക്കെയാണ് അംഗങ്ങൾ എന്നത് പുറത്തുവരട്ടെയെന്നും സിബി മലയിൽ കൂട്ടിച്ചേ‍ർത്തു. നിർമാതാവിൽ നിന്ന് കിട്ടാനുള്ള പ്രതിഫലത്തുക വാങ്ങിക്കൊടുത്തതിന് സിബി മലയിൽ കമ്മീഷൻ ചോദിച്ചെന്ന ആഷിഖിന്റെ ആരോപണം ഫെഫ്കയും നേരത്തേ തള്ളിയിരുന്നു.

അതേസമയം, ആഷിഖ് അബു-റിമ കല്ലിങ്കൽ എന്നിവർക്കെതിരെ യുവമോർച്ച നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. തെന്നിന്ത്യൻ ഗായിക സുചിത്ര സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ ലഹരിമരുന്ന് ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വൈശാഖ് രവീന്ദ്രൻ നൽകിയ പരാതി. സൗത്ത് എസിപി രാജ്കുമാറാണ് അന്വേഷണം നടത്തുക. എന്നാൽ ആരോപണം തെറ്റാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും റിമ നേരത്തേ പറഞ്ഞിരുന്നു.

സുചിത്രക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് റിമ പരാതി നല്‍കിയിട്ടുണ്ട്. സുചിത്രക്കെതിരെ മാനനഷ്ടക്കേസും റിമ നല്‍കിയിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റിമ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com