
പന്തളം: വയനാട് ഉരുള്പ്പൊട്ടല് ദുരന്തത്തില് അകപ്പെട്ടവര്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്കരുതെന്ന രീരിയില് സോഷ്യല് മീഡിയ വഴി പ്രചരണം നടത്തിയ സംഘപരിവാര് പ്രവര്ത്തകനും ബി.ജെ.പി. മീഡിയ വിഭാഗം മുന് കോ -കണ്വീനറുമായ കുളനട ഞെട്ടൂര് അവിട്ടം ഹൗസില് ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തു.
'ദുരന്തബാധിതരെ സഹായിക്കേണ്ടവര് നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉള്പ്പെടെയുള്ള സംഘടനകളെ സഹായം ഏല്പ്പിക്കുകയോ ചെയ്യണം, ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുത് വ്യാപക അഴിമതി നടക്കുന്നു'- ഇത്തരത്തിലായിരുന്നു ശ്രീജിത്ത് ഫേസ്ബുക്കില് പോസ്റ്റ് ചെയ്തത്. ഇതോടെ പന്തളം പൊലീസ് കേസെടുക്കുകയായിരുന്നു.
14 എഫ്ഐആറുകളാണ് ദുരിതാശ്വാസനിധിയിലേക്ക് പണം നല്കരുതെന്ന് പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി രജിസ്റ്റര് ചെയ്തിരിക്കുന്നത്. 194 പോസ്റ്റുകള് സാമൂഹ്യ മാധ്യമങ്ങളില് കണ്ടെത്തുകയും നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങള്ക്ക് നോട്ടീസ് നല്കുകയും ചെയ്തിട്ടുണ്ട്.