
തിരുവനന്തപുരം: കേരളത്തിന്റെ മാനവികതയും സാമൂഹിക ബോധവും ഉയര്ത്തിപ്പിടിച്ച ഇടപെടലാണ് വയനാട് മുണ്ടക്കൈയില് കാണുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എല്ലാ വിഭാഗങ്ങളും അവരുടേതായ കഴിവുകളെ ഇക്കാര്യത്തില് ഉപയോഗപ്പെടുത്തി. സര്ക്കാര് സംവിധാനങ്ങളും ഏകോപിതമായി പ്രവര്ത്തിച്ചു. മുഖ്യമന്ത്രി നേരിട്ടെത്തി സര്വ്വകക്ഷി സമ്മേളനം സംഘടിപ്പിച്ചു. സര്ക്കാര് ഇടപെടലിനെ മതിപ്പോടെ കണ്ടു. കേന്ദ്രസേനയും ഫയര്ഫോഴ്സും പൊലീസും എന്ഡിആര്എഫും അസാധ്യമായ ഏകോപത്തോടെയാണ് മഹാദുരന്തത്തെ ഏകോപിപ്പിച്ചത്. ത്രിപുരയിലെയും തമിഴ്നാട്ടിലെയും സിപിഐഎം ഘടകം 10 ലക്ഷം വീതം നല്കി. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാനായി സിപിഐഎം ക്യാമ്പയിന് നടത്തും. ആഗസ്റ്റ് 10,11 തിയ്യതികളില് വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്ശിച്ച് ഓരോരുത്തരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്കാനുള്ള ക്യാമ്പയിന് സംഘടിപ്പിക്കും. കേരളത്തിലെ പാര്ട്ടി 25 ലക്ഷം കൊടുത്തിട്ടുണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രകൃതി ദുരന്തത്തെ നേരിടുന്നതിനുള്ള ശ്രമം നടത്തികൊണ്ടിരിക്കെ രാഷ്ട്രീയ പ്രേരിതമായ പ്രസ്താവന വന്നത് കേന്ദ്ര മന്ത്രി അമിത് ഷായുടേത് മാത്രമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. പരസ്പരം യോജിച്ചുനിന്ന് പ്രവര്ത്തനങ്ങളെ ഏകോപിപ്പിച്ച് ഓരോ മനുഷ്യ ജീവനും കണ്ടെത്താന് സാധിക്കേണ്ട സമയത്ത് തെറ്റായ സമീപനങ്ങള് ആരെയും സഹായിക്കുന്ന ഒന്നല്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
'ദുരന്തമുണ്ടായ ഈ പ്രദേശങ്ങളില് ഓറഞ്ച് അലേര്ട്ടാണ് കേന്ദ്രസര്ക്കാരിന്റെ ഏജന്സികള് പ്രവചിച്ചത്. 115 മില്ലീ മീറ്ററിനും 204 മില്ലീ മീറ്ററിനും ഇടയില് മഴപെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആദ്യത്തെ 24 മണിക്കൂറില് 200 മില്ലീ മീറ്ററും അടുത്ത 24 മണിക്കൂറില് 372 മില്ലീ മീറ്ററും മഴയാണ് പെയ്തത്. ആ പ്രദേശത്ത് പ്രതീക്ഷിക്കാത്ത മഴ പെയ്തു. 48 ണിക്കൂറില് 572 മില്ലീ മീറ്റര് മഴ പെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷകരുടെ കണക്കിനെ പിന്നിലാക്കി വലിയ മഴ പെയ്തു. ദുരന്തം ഉണ്ടാവും മുമ്പ് ആ പ്രദേശത്ത് റെഡ് അലേര്ട്ട് പോലും ഇല്ലായിരുന്നു. ഉരുള്പൊട്ടല് ഉണ്ടായ ശേഷമുള്ള രാവിലെയാണ് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചത്. ജിയോളജിക്കല് സര്വ്വേ ഓഫ് ഇന്ത്യയുടെ മുന്നറിപ്പ് ജൂലൈ 23 മുതല് 28 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരു ദിവസം പോലും അതിശക്തമായ മഴ പെയ്യുമെന്ന് പറഞ്ഞിട്ടില്ല. ജൂലൈ 29 ന് ഉച്ചക്ക് ഒരു മണിക്ക് നല്കിയ മുന്നറിയിപ്പില് വയനാട് ജില്ലയില് ഓറഞ്ച് അലേര്ട്ടാണ് പ്രഖ്യാപിച്ചത്. അവരും ഉരുള്പൊട്ടിയ ശേഷമാണ് മുന്നറിയിപ്പ് നല്കിയത്. 2 മണിക്ക് നല്കിയ മുന്നറിപ്പില് പച്ച അലേര്ട്ടാണ്. 30 നും 31 നും സമാന അവസ്ഥയാണ്. കേന്ദ്രസര്ക്കാര് ഏജന്സിയായ കേന്ദ്ര ജല കമ്മീഷനാണ് മുന്നറിയിപ്പ് നല്കേണ്ട സ്ഥാപനം. എന്നാല് ജൂലൈ 23 മുതല് 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മീഷന് പ്രളയമുന്നറിയിപ്പ് നല്കിയിട്ടില്ല. കേരള സര്ക്കാര് മുന്കൂട്ടി തയ്യാറെടുപ്പ് നടത്തിയിരുന്നു. അതിനാലാണ് എന്ഡിആര്എഫിന്റെ സഹായം തേടിയത്. കേരള സര്ക്കാര് നിര്ദേശ പ്രകാരമാണ് അവര് എത്തിയത്. റെഡ് സോണ് പ്രഖ്യാപിച്ച ഇടങ്ങളിലെ ആളുകളെ മാറ്റി പാര്പ്പിച്ചു. അതിന്റെ ഭാഗമായി ആഘാതം കുറച്ചു. ഇപ്പോള് ദുരന്തം നടന്ന ഈ പ്രദേശത്തിന്റെ പ്രഭവ കേന്ദ്രം മാറ്റി പാര്പ്പിച്ചിടത്ത് നിന്നും 7 കിലോമീറ്റര് അകലെയാണ്. പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വരുന്ന കാര്യങ്ങളെ ലോകമെമ്പാടും ഒന്നായി നേരിടുന്നതിനുള്ള പ്രവര്ത്തനമാണ് ഉണ്ടാകേണ്ടത്.' എം വി ഗോവിന്ദന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സിഎജി ഓഡിറ്റ് പരിശോധനയുണ്ട്. വരവിനും ചെലവിനും കൃത്യമായ കണക്കുണ്ട്. സങ്കുചിത ലക്ഷ്യത്തോടെ നടത്തുന്ന കള്ള പ്രചാരവേല അവസാനിപ്പിക്കണം. പൊതുവായ പ്രശ്നങ്ങളില് യോചിച്ചുനില്ക്കുകയാണ് കേരളത്തിന്റെ സംസ്കാരമെന്നും എം വി ഗോവിന്ദന് വിശദീകരിച്ചു. അതാണ് ആര്എസ്എസ് രീതിയെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്ത്തു.
മുണ്ടക്കൈയിലേത് മനുഷ്യനിര്മ്മിത ദുരന്തമാണെന്ന പ്രചാരണം നടക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന്, 'മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ആര്എസ്എസും ബിജെപിയും ശുദ്ധ കളവാണ് പ്രചരിപ്പിക്കുന്നത്. മനുഷ്യത്വമില്ല. കേവലം സങ്കുചിത രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. തളിപ്പറമ്പില് സിനിമാ നടി നിഖിലാ വിമല് ഡിവൈഎഫ്ഐ കളക്ഷന് സെന്ററിലെത്തി. യുപിയിലൊക്കെ ആര്എസ്എസ് ക്യാമ്പിലാണ് അവർ എത്തിയതെന്നാണ് പ്രചരിപ്പിച്ചത്. യാതൊരു നീതി ബോധവുമില്ല' എം വി ഗോവിന്ദന് പറഞ്ഞു.
സിപിഐഎം 24 ാം പാര്ട്ടി കോണ്ഗ്രസ് ഏപ്രില് ആദ്യം തമിഴ്നാട്ടിലെ മധുരയില് നടക്കും. ബ്രാഞ്ച്, ലോക്കല് സമ്മേളനം സെപ്തംബര്- ഒക്ടോബര് മാസങ്ങളിലും ഏരിയാ സമ്മേളനം നവംബറിലും ജില്ലാ സമ്മേളനങ്ങള് ഡിസംബറിലും സംസ്ഥാനസമ്മേളനം ഫെബ്രുവരിയില് കൊല്ലത്തും നടക്കുമെന്നും എം വി ഗോവിന്ദന് അറിയിച്ചു.