കൽപ്പറ്റ: മുണ്ടക്കൈയിലെ ഉരുൾപൊട്ടിലിൽ അപകടത്തിൽപെട്ട മൂന്ന് പേർക്കായി തിരച്ചിൽ നടത്തണമെന്ന ആവശ്യവുമായി അന്യസംസ്ഥാന തൊഴിലാളി. മുണ്ടക്കൈയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു ബിഹാർ സ്വദേശികളായ ആറംഗ സംഘത്തിലെ രണ്ട് പേരാണ് ആകെ രക്ഷപ്പെട്ടത്. ബാക്കിയുള്ള നാല് പേരെ കാണാതാവുകയായിരുന്നു. പിന്നീടുള്ള തിരച്ചിലിൽ ബിഹാർ സ്വദേശിയായ രവികുമാറിൻ്റെ അമ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഫാക്ടറിയോട് ചേർന്നുള്ള മുറിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ആറ് പേരായിരുന്നു ഒരു മുറിയിലുണ്ടായിരുന്നത്. 'തങ്ങളുടെ കൂടെയുള്ളവർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. മൂന്ന് പേരെ കാണാനില്ല. ഒരാളെ തിരികെ കിട്ടി. അത് എന്റെ അമ്മയാണ്' രവികുമാർ പറഞ്ഞു. ഇനി കണ്ടെത്താനുള്ളത് ബീഹാർ സ്വദേശികളായ രഞ്ജിത്ത് കുമാർ, സാധുപാസ്മാൻ, ബിന്യാസ് പാസ്മാൻ എന്നിവരെയാണ്.
വളരെ സാധാനക്കാരായ വീട്ടുകാരാണ് ഞങ്ങൾ. എല്ലാവരുടെയും സഹായം ഞങ്ങൾക്ക് അത്യാവശ്യമാണ്. അതുകൊണ്ട് അവരെ കണ്ടെത്താൻ അധികൃതർ സഹായിക്കണമെന്നാവശ്യപ്പെടുന്നതെന്നും രവികുമാർ പറഞ്ഞു. വീട്ടുലുളളവർക്ക് അന്നത്തിനായിട്ടാണ് ഞങ്ങൾ ഇവിടെ വന്ന് കഷ്ടപ്പെടുന്നത്. ഞങ്ങളെ സഹായിക്കണം. ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട് എന്നും രവികുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. അമ്മയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി അസ്ഥിയുമായി മറ്റ് ചടങ്ങുകൾക്കായി നാട്ടിലേക്ക് പോവുകയാണ് ദുരന്തത്തിൽ രക്ഷപ്പെട്ട രവികുമാർ.