
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. അത്തരത്തിൽ വന്ന വ്യത്യസ്തമായ ഒരു അഭ്യർഥന ഇപ്പോള് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ദുരന്തത്തിൽ പെറ്റമ്മയെ നഷ്ടമായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ പറയണമെന്നും തന്റെ ഭാര്യ തയാറാണെന്നും അറിയിച്ചുകൊണ്ടുള്ള കുറിപ്പാണ് ചർച്ചയാകുന്നത്. വാട്സ് ആപ് സന്ദേശത്തിലൂടെ ഇത് സന്നദ്ധ പ്രവർത്തകരെ അറിയിച്ചത് ഒരു പൊതുപ്രവർത്തകനാണ്. ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെ... എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാള് വാട്സ് ആപ് സന്ദേശത്തിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്.
ഈ സന്ദേശം പൊതുപ്രവർത്തകന്റെ പേര് മറച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ അഭിനന്ദനമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. കരുത്തോടെ ഒന്നിച്ചു നിൽക്കാമെന്ന് ഉറക്കെയുറക്കെ പറയാൻ ഇത്തരം മനുഷ്യരുള്ളപ്പോൾ നമുക്കെങ്ങനെയാണ് തോറ്റുകൊടുക്കാനാവുക. അങ്ങനെ ആ നാടിനെ കൈവിടാൻ നമുക്കാവില്ലെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയാണ് മലയാളികൾ. പ്രളയത്തെ പോലും തോൽപിക്കുന്ന ചേർത്തുവെപ്പാണ് എവിടെയും കാണാനാവുന്നത്.