കണ്ണീർ മറയ്ക്കാൻ ശ്രമിക്കുന്നവർ, ഇവരെ നയിക്കുന്നത്'എൻ്റെ നാട് എന്റെ ജനം' എന്ന വികാരമാണ്: വീണാ ജോർജ്

കരളുറപ്പോടെ കേരളം ദുരിത ബാധിതരുടെ കൈപിടിക്കും

dot image

കൽപ്പറ്റ: ദുരന്തം വിതച്ച വയനാടിനെ കൈവിടാൻ നമുക്കാവില്ലെന്ന് ആവർത്തിച്ച് പറയുകയാണ് മലയാളികൾ. പേരറിയാത്ത, ഒരിക്കൽ പോലും സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത മൃതദേഹങ്ങളോട് ആദരവ് പുലർത്തി ചെളിയും മണ്ണും കഴുകി വൃത്തിയാക്കി ഇൻക്വസ്റ്റിനും പോസ്റ്റുമോട്ടത്തിനുമായി എത്തിക്കുന്നവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വീണാ ജോർജ് കുറിച്ചതിങ്ങനെ,

'പേര് അറിയാത്തവർ, ഒരിക്കൽ പോലും സംസാരിക്കുകയോ കാണുകയോ ചെയ്യാത്തവർ... അവരുടെ മൃതദേഹങ്ങളോട് ആദരവ് പുലർത്തി ചെളിയും മണ്ണും കഴുകി വൃത്തിയാക്കി ഇൻക്വസ്റ്റിനും പോസ്റ്റുമോട്ടത്തിനുമായി എത്തിക്കുകയാണിവർ. നിശബ്ദരായി !... കണ്ണീർ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നവർ... ഇവരിൽ ആരോഗ്യ പ്രവർത്തകരുണ്ട്, പോലീസുകാരുണ്ട്, സന്നദ്ധ പ്രവർത്തകരായ ചെറുപ്പക്കാരുണ്ട്. ഇവരെ നയിക്കുന്നത് ഒരേ വികാരമാണ്. എൻ്റെ നാട് എന്റെ ജനം....'

അതേസമയം, ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നുമല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിലുള്ളവര് അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തുനിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിര്ദേശിച്ചു.

മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇനിയും കണ്ടെത്താനാകാത്ത നിരവധിപ്പേരുണ്ട്. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്മോര്ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്മോര്ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image