
മുണ്ടക്കൈ പള്ളിയിലെ ഉസ്താദ് ഷിഹാബ് ഫൈസിയെ കാണാനില്ലെന്ന് പറഞ്ഞാണ് സൽമ റിപ്പോർട്ടർ ഹെൽപ്പ് ഡെസ്കിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം നിലമ്പൂരിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളിൽ ഒന്ന് ഷിഹാബ് ഫൈസിയുടേതാണെന്ന് ഒരു ബന്ധു തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അത് തന്റെ ഭർത്താവല്ല എന്നാണ് സൽമ വിങ്ങലടക്കി പറഞ്ഞത്.
മുണ്ടക്കൈ പള്ളിയിലെ ഉസ്താദ് കിടന്നിരുന്ന മുറി പൂർണമായും ഉരുളിൽ ഒലിച്ചു പോയിരുന്നുവെന്ന് പള്ളിയിൽ നിന്നുള്ളവർ തന്നെ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പിന്നാലെ ഷിഹാബ് ഫൈസിയുടെ മൃതദേഹം കണ്ടതായുള്ള വാർത്തകളെത്തി. എന്നാൽ ഇന്നലെ താനും ബന്ധുക്കളും അവിടെ പോയിരുന്നുവെന്നും അത് ഷിഹാബ് ഫൈസിയല്ല എന്നും സൽമ ഉറപ്പുവരുത്തി.
മേപ്പാടി, മുണ്ടക്കൈ തുടങ്ങിയ ഇടങ്ങളിലുള്ള ക്യാമ്പുകളിലും ഷിഹാബില്ല എന്നാണ് അവിടെ നിന്ന് ലഭിച്ച വിവരം. ഇനി തിരയേണ്ടത് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലുള്ള ശരീര ഭാഗങ്ങളാണ്. എഴുപതിലധികം ശരീരഭാഗങ്ങളാണ് ഇവിടെയുള്ളത്. പക്ഷേ സൽമ പ്രതീക്ഷ കൈവിടുന്നില്ല, 'പള്ളിയുടെ ഭാഗത്തെവിടെയോ അദ്ദേഹം ജീവനോട് തന്നെയുണ്ട്, ചിലപ്പോൾ ആശുപത്രിയിലായിരിക്കും, അല്ലെങ്കിൽ ഏതെങ്കിലും ക്യാമ്പുകളിൽ ഉണ്ടാകും', തേങ്ങലൊതുക്കി ഇടറിയ സ്വരത്തോടെ പറഞ്ഞ് സൽമ സ്വയം ധൈര്യപ്പെടുത്തി കോൾ കട്ടു ചെയ്തു.