
കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്പൊട്ടലില് തനിക്ക് നഷ്ടപ്പെട്ടത് നൂറിലധികം പേരെന്ന് പ്രവാസിയായ ഷാജഹാന് കുറ്റിയത്ത്. തന്റെ മാതാപിതാക്കളും ഭാര്യയും പെണ്മക്കളും സുരക്ഷിതരാണെന്നും കാരണം അവര് മണ്ണിടിച്ചിലിന്റെ സ്ഥലത്ത് നിന്ന് അര കിലോമീറ്റര് അകലെയാണ് താമസിക്കുന്നതെന്നും ഷാജഹാന് പറഞ്ഞു. ചൂരല് മല സ്വദേശിയാണ് ഷാജഹാന്. ഖലീജ് ടൈംസിനോടാണ് ഷാജഹാന്റെ പ്രതികരണം.
' കുടുംബാഗങ്ങളും സുഹൃത്തുക്കളുമടക്കം 100റിലധികം ആളുകള് മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. പക്ഷേ എന്റെ 90ലധികം കുടുംബാംഗങ്ങള് മരിച്ചു,' ഷാജഹാന് പറഞ്ഞു.
തന്റെ ഏകദേശം 12 സുഹൃത്തുക്കളെ കാണാനില്ല. സത്യം പറഞ്ഞാല്, തന്റെ കുടുംബത്തില് എത്ര പേര് അവശേഷിക്കുന്നുണ്ടെന്ന് അറിയില്ല. തന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള് പലതും നിശബ്ദമായിരിക്കുകയാണ്. തന്റെ ബാല്യകാല സുഹൃത്തുക്കളുമായി ധാരാളം ഗ്രൂപ്പുകള് ഉണ്ടായിരുന്നു, അവരില് പലരും മരിച്ചു, മറ്റുള്ളവര് ഒന്നും പറയാന് കഴിയാത്തവിധം ഞെട്ടിയിരിക്കുകയാണ്. അവധിക്കാലത്ത് നാട്ടിലെത്തിയാൽ ചുറ്റിക്കറങ്ങുന്നത് ഇവരുമായിട്ടാണ്. ഓരോ മണിക്കൂറിലും സുരക്ഷിതരാണെന്ന് ഞാന് കരുതിയ ആളുകളുടെ ഫോട്ടോകള് എനിക്ക് ലഭിക്കുന്നുണ്ട്, എന്നാല് അവര് കാണാതായവരോ മരിച്ചവരോ ആയി മാറിയിരിക്കും .
തന്റെ പല സുഹൃത്തുക്കളുടെയും വീടുകള് പൂര്ണമായും ഒലിച്ചുപോയതായി അദ്ദേഹം പറഞ്ഞു. മിക്ക വീടുകളും നിലംപൊത്തി, ആളുകള്ക്ക് എല്ലാം നഷ്ടപ്പെട്ടു, നിലവില് രക്ഷപ്പെട്ടവരെ മാത്രം തിരയുകയും അവരെ സുരക്ഷിതമായി എത്തിക്കാന് ശ്രമിക്കുകയും ചെയ്യുകയാണ്. എന്നാല് പുനര്നിര്മ്മാണ പ്രക്രിയ വളരെ സമയമെടുക്കും. എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്ക്ക് അവരുടെ ജീവിതം ആദ്യം മുതല് ആരംഭിക്കേണ്ടിവരും. കേരളത്തില് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. രക്ഷാദൗത്യത്തിന് പല ഘടകങ്ങളും തടസ്സമാകുമെന്ന് ഷാജഹാന് പറഞ്ഞു. 400ലധികം ആളുകള് മരിച്ച ദാരുണമായ 2018 വെള്ളപ്പൊക്കത്തിന് ശേഷം കേരളത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തമായി ഈ ഉരുള്പൊട്ടലിനെ കണക്കാക്കപ്പെടുന്നു.
ഉരുള്പൊട്ടലില് ഒലിച്ചുപോയ പാലം മാത്രമായിരുന്നു ഈ ഭാഗത്തേക്ക് എത്താനുള്ള ഏക മാര്ഗമെന്ന് ഷാജഹാൻ പറഞ്ഞു. അവിടെയെത്തുന്നത് മിക്കവാറും അസാധ്യമാണ്. വലിയ അവശിഷ്ടങ്ങള് നീക്കാന് ഭാരമേറിയ ഉപകരണങ്ങള് കൊണ്ടുവരാന് കഴിയുന്ന തരത്തില് ഒരു താല്ക്കാലിക പാലം നിര്മ്മിക്കാന് കേരള സര്ക്കാര് ശ്രമിക്കുന്നുണ്ടെന്നും ഷാജഹാൻ പറഞ്ഞു.
ദുരന്തത്തില് തന്റെ ഉറ്റസുഹൃത്തിനെ നഷ്ടപ്പെട്ടതിനാല് മൂത്ത മകള് സങ്കടത്തിലാണ്, മകളുടെ സങ്കടത്തില് ആശ്വസിപ്പിക്കാന് കഴിയുന്നില്ലെന്ന് ഷാജഹാന് പറഞ്ഞു.'ദുരന്തത്തില് അവള്ക്ക് അവളുടെ ഉറ്റസുഹൃത്ത് ഉള്പ്പെടെ ഒരു കൂട്ടം സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. ഞാന് അവളെ വിളിക്കുമ്പോഴെല്ലാം അവള് കരയുകയാണ്. മകളേയും എല്ലാ സഹപാഠികളേയും ഓര്ത്ത് എന്റെ ഹൃദയം തകരുകയാണ്. ഒരുപാട് സഹപാഠികളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു, ഷാജഹാന് പറഞ്ഞു.
സ്കൂള് പൂര്ണമായി തകര്ന്നതോടെ തന്റെ പെണ്മക്കളുടെ ഭാവിയെക്കുറിച്ചോര്ത്തുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. 'എന്റെ മൂത്ത മകള് പത്താം ക്ലാസിലാണ്,ഈ വര്ഷം ബോര്ഡ് പരീക്ഷ വര്ഷമാണ്, എന്റെ ഇളയ മകള് മൂന്നാം ക്ലാസിലാണ്. രണ്ടുപേരും ഈ സ്കൂളിലാണ് പഠിച്ചത്, ആ പ്രദേശത്തെ ഏക വിദ്യാലയമാണ്. ഞങ്ങളുടെ വീട്ടില് നിന്ന് 15 കിലോമീറ്റര് അകലെയാണ് അടുത്ത സ്കൂള്. എന്റെ കുട്ടികളുടെ അവരുടെ പഠനം എങ്ങനെ തുടരുമെന്ന് എനിക്കറിയില്ല, പ്രത്യേകിച്ച് എന്റെ മൂത്ത പെണ്കുട്ടി, അവളുടെ ഭാവിയുടെ നിര്ണായക വര്ഷമാണെന്നും ഷാജഹാൻ പറഞ്ഞു.
LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻനിരവധി പ്രശ്നങ്ങള് ദുരന്തത്തിലേക്ക് നയിച്ചിട്ടുണ്ടെന്ന് ഷാജഹാന് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം താന് കുടുംബവുമായി സംസാരിച്ചപ്പോള് നിര്ത്താതെ മഴ പെയ്യുന്നുണ്ടെന്ന് അവര് പറഞ്ഞു. വീടുകളില് വെള്ളം കയറിയ ആളുകളെ സഹായിക്കാന് അയല് പ്രദേശങ്ങളിലേക്ക് പോകുന്നുവെന്ന് സോഷ്യല് മീഡിയ ഗ്രൂപ്പുകളില് തന്റെ പല സുഹൃത്തുക്കളും പറഞ്ഞിരുന്നു. അതിശക്തമായ മഴ ഒരു നദിയുടെ ഗതി മാറ്റാൻ കാരണായി. അതാണ് ദുരന്തത്തിന് വഴിവെച്ചത്. ആദ്യ ഉരുള്പൊട്ടലിന് ശേഷം ദുരിതബാധിതരെ സഹായിക്കാന് നിരവധി പേര് എത്തിയിരുന്നു. രക്ഷാപ്രവര്ത്തനം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു വലിയ ഉരുള്പൊട്ടലുണ്ടായത്. ഇതാണ് തന്റെ കുടുംബവുമായി സംസാരിച്ചതിൽ നിന്ന് മനസ്സിലാക്കാന് കഴിഞ്ഞതെന്ന് ഷാജഹാന് പറഞ്ഞു.