
കോഴിക്കോട്: അർജുൻ ഷിരൂരിലെത്തി കാണാതാവുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചിരുന്നതായി അർജുന്റെ സുഹ്യത്ത് സമീർ. അർജുനും താനും ഒരുമിച്ചാണ് ബൽഗാമിൽ പോകുന്നത്. ഞായറാഴ്ച അർജുനുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് തങ്ങൾ പിരിഞ്ഞതെന്നും സമീർ പറഞ്ഞു. എട്ടുവർഷമായി മാങ്കാവിൽ അർജുനൊപ്പം ലോറിത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് സമീർ.
ബൽഗാമിൽനിന്ന് എടവണ്ണയിലേക്കുള്ള യാത്രയ്ക്കിടെയാണ് അർജുനുമായി ഫോണിൽ സംസാരിച്ചത്. പയ്യോളിയിൽ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് സംസാരിച്ചത്. രണ്ടുമണിക്ക് തുടങ്ങിയ ഫോൺസംഭാഷണം പുലർച്ചെ 3.10നാണ് അവസാനിച്ചത്. ഉറങ്ങാൻ പോകുകയാണെന്ന് പറഞ്ഞാണ് അർജുൻ ഫോൺ വെച്ചത്. ജൂലൈ 16ന് അഞ്ചരയോടെ താൻ എടവണ്ണയിലെത്തി തടിയിറക്കിയതായും സമീർ പറഞ്ഞു
ചൊവ്വാഴ്ച പുറപ്പെട്ടാൽ അർജുൻ ബുധനാഴ്ചയോടെ തിരിച്ചെത്തേണ്ടതായിരുന്നു. കേരളത്തിൽ നിന്നും പോകുന്ന മിക്ക ലോറി ഡ്രൈവർമാരും ഭക്ഷണംകഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഒരു കടയുണ്ട്. ഷിരൂരിൽ തന്നെ താമസിക്കുന്ന ലക്ഷ്മണൻ എന്ന ആളുടെ കടയാണ് അത്. കുന്നിടിഞ്ഞാണ് ലക്ഷ്മണന്റെ കടയടക്കം മണ്ണിനടിയിൽപ്പെട്ടത്. ആ സമയം കടയിലുണ്ടായവർ മണ്ണിനടിയിൽ പെടുകയായിരുന്നു.
കടയുടെ ഒരു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗംഗാവാലിപ്പുഴയിൽ തുരുത്തുപോലെ രൂപപ്പെട്ടിരിക്കുകയാണെന്നും സമീർ പറഞ്ഞു. ലോഡെടുക്കാൻ ആദ്യം സമീറാണ് പോയത്. അർജുൻ വരുന്നതിന് മുന്നേ തിരിച്ചു വരുകയും ചെയ്തു. ദിവസത്തിൽ കുറഞ്ഞത് അഞ്ചു തവണയെങ്കിലും അര്‍ജുന്‍ വിളിക്കാറുള്ളതാണ്. അവൻ വേഗം തിരിച്ചെത്തണമെന്നാണ് പ്രാർഥനയെന്നും സമീർ കൂട്ടിച്ചേർത്തു.
അതേ സമയം അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. എന്‍ഡിആര്‍എഫിന്റെയും നേവിയുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് റഡാര്‍ എത്തിച്ച് പരിശോധന നടത്തും. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഷിരൂരില്‍ മഴ തുടരുകയാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
ഇക്കഴിഞ്ഞ 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. കനത്തമഴ വെല്ലുവിളിയായതോടെയായിരുന്നു ഇന്നലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തര കന്നഡ പി എം നാരായണ അറിയിച്ചു.