പോരാട്ടം തുടരും, അവകാശപ്പെട്ട ഭൂമിയിൽ പ്രവേശിക്കും, കൃഷിയിറക്കും: നഞ്ചിയമ്മ

അട്ടപ്പാടിയിൽ ഭൂമാഫിയകൾ കയ്യടക്കിയ ആദിവാസി ഭൂമികൾ തിരിച്ചുപിടിക്കാൻ ആദിവാസി ജനതയെ ഒരുമിച്ചുകൂട്ടി സമരം ചെയ്യുമെന്ന് നഞ്ചിയമ്മ റിപ്പോർട്ടറിനോട് പറഞ്ഞു

dot image

പാലക്കാട്: ഭൂമിക്കായുള്ള പോരാട്ടം തുടരുമെന്ന് ഗായിക നഞ്ചിയമ്മ. നാളെ റവന്യൂ ഉദ്യോഗസ്ഥനുമായി നടക്കാനിരിക്കുന്ന ചർച്ചയിൽ തീരുമാനം എന്തായാലും അവകാശപ്പെട്ട ഭൂമിയിൽ പ്രവേശിക്കുമെന്നും കൃഷിയിറക്കുമെന്നും നഞ്ചിയമ്മ പറഞ്ഞു. അട്ടപ്പാടിയിൽ ഭൂമാഫിയകൾ കയ്യടക്കിയ ആദിവാസി ഭൂമികൾ തിരിച്ചുപിടിക്കാൻ ആദിവാസി ജനതയെ ഒരുമിച്ചുകൂട്ടി സമരം ചെയ്യുമെന്ന് നഞ്ചിയമ്മ റിപ്പോർട്ടറിനോട് പറഞ്ഞു.

മൂന്ന് പതിറ്റാണ്ടുകാലത്തോളം പോരാട്ടം നടത്തിയാണ് മലയാളികളുടെ പ്രിയങ്കരിയായ ഗായിക നഞ്ചിയമ്മയ്ക്കും കുടുംബത്തിനും ഭൂമാഫിയകൾ തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിച്ചു കൊടുക്കാൻ ഉത്തരവായത്. 1962ൽ നഞ്ചിയമ്മയുടെ ഭർത്താവിൻ്റെ അച്ഛൻ നാഗമൂപ്പൻ്റെ ഉടമസ്ഥതയിലുള്ള 4.81 ഏക്കർ സ്ഥലം കന്തസ്വാമി ബോയൻ എന്ന ജന്മി തട്ടിയെടുക്കുകയായിരുന്നു.

1987ൽ നിയമപോരാട്ടം ആരംഭിച്ച് 95ൽ നഞ്ചിയമ്മയ്ക്കും കുടുംബത്തിനും ഭൂമി തിരിച്ചു കിട്ടി. എന്നാൽ വർഷങ്ങൾക്ക് ശേഷം സ്ഥലത്തിൻ്റെ വലിയൊരു ഭാഗം മിച്ചഭൂമിയായ് റവന്യൂ വകുപ്പ് ഏറ്റെടുത്തു. ബാക്കിയുള്ള സ്ഥലം ഭൂമാഫിയകൾ വ്യാജ നികുതി രസീതുകൾ നിർമ്മിച്ച് തട്ടിയെടുത്തു. പിന്നീട് ഭർത്താവിൻ്റെ സഹോദരങ്ങളെ ഒരുമിച്ചുകൂട്ടി നഞ്ചിയമ്മ നിയമ പോരാട്ടം ആരംഭിച്ചു. ഒടുവിൽ കഴിഞ്ഞവർഷം ഭൂമി നഞ്ചിയമ്മയുടെ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നും തിരിച്ചുപിടിച്ച് നൽകണമെന്നും പാലക്കാട് ജില്ലാ കളക്ടർ ഉത്തരവിട്ടു. എന്നാൽ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ഭൂമാഫികൾക്ക് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥർ തങ്ങളെ ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നാണ് നഞ്ചിയമ്മ ആരോപിക്കുന്നത്.

ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നാളെ ചർച്ചചെയ്ത് പരിഹരിക്കാം എന്നാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ നഞ്ചിയമ്മയെ അറിയിച്ചിരിക്കുന്നത്. ചർച്ചയിൽ തീരുമാനം എന്തായാലും അവകാശപ്പെട്ട ഭൂമിയിൽ പ്രവേശിക്കുമെന്നും കൃഷി ചെയ്യുമെന്നും നഞ്ചിയമ്മ വ്യക്തമാക്കി. അവകാശപ്പെട്ട ഭൂമിക്ക് വേണ്ടി നഞ്ചിയമ്മയും അട്ടപ്പാടിയിലെ ആദിവാസി സമൂഹവും നടത്തുന്ന പോരാട്ടങ്ങൾക്ക് പൂർണ്ണപിന്തുണ നൽകുമെന്ന് എംഎൽഎ കെ കെ രമ റിപ്പോർട്ടിനോട് പറഞ്ഞു. വർഷങ്ങളായി അട്ടപ്പാടിയിലെ നിരവധി ആദിവാസികളുടെ ഭൂമികൾ ഭൂമാഫിയകളുടെ കയ്യിലാണെന്നും കൈയ്യൂക്കും സ്വാധീനവും കൊണ്ട് നേടിയെടുത്ത ഈ ഭൂമികൾ തിരിച്ചുപിടിക്കാൻ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തെ ചേർത്ത് പിടിച്ച് പോരാട്ടത്തിനിറങ്ങാനാണ് നഞ്ചിയമ്മയുടെ തീരുമാനം.

dot image
To advertise here,contact us
dot image