
കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി സെക്ഷന് ഓഫീസില് ആക്രമണം നടത്തിയവരുടെ വീടുകളിലെ കണക്ഷന് വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അജ്മലിന്റെ മാതാവ്. ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയിരുന്നുവെന്നും എന്നാൽ അവർ വന്ന് കണക്ഷന് വിച്ഛേദിച്ച ദിവസം വൈകുന്നേരത്തോടെ ബില്ലടച്ചിരുന്നുവെന്നും അവർ റിപ്പോർട്ടറിനോട് പറഞ്ഞു. ബില്ലടച്ചിട്ടും കണക്ഷൻ തന്നില്ലെന്നും അതുകൊണ്ട് വളരെയേറെ ബുദ്ധിമുട്ടിയെന്നും അവർ പ്രതികരിച്ചു. കറന്റ് പുനഃസ്ഥാപിക്കാൻ വന്നയാൾ അസഭ്യം പറയുകയും തന്നെ ഉന്തിമാറ്റിയെന്നും അവർ ആരോപിച്ചു.
അജ്മലിന്റെ മാതാവിന്റെ വാക്കുകൾ
ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയിരുന്നു. അവർ വന്ന് കണക്ഷന് വിച്ഛേദിച്ച ദിവസം വൈകുന്നേരത്തോടെ ബില്ലടച്ചിരുന്നു. പലതവണ ഫോണിൽവിളിച്ചു. എന്നിട്ടും കണക്ഷൻ തന്നില്ല. വീട്ടിൽ ഭക്ഷണമൊക്കെ ഉണ്ടാക്കിവച്ചിരുന്നു. അതൊക്കെ കേടായി. കറന്റില്ലാതെ ആകെ ബുദ്ധിമുട്ടായി. ബാത്ത്റൂമിൽ പോകാനൊക്കെ ബുദ്ധിമുട്ടായി. കറന്റ് പുനഃസ്ഥാപിക്കാൻ വന്നയാൾ അസഭ്യം പറഞ്ഞിരുന്നു, ഉന്തിമാറ്റി. കറന്റ് നല്കാന് വൈകിയപ്പോഴാണ് മക്കൾ ദേഷ്യത്തോടെ സംസാരിച്ചത്. പിറ്റേ ദിവസം വാർത്തയിൽ കാണുന്നത് മക്കളുടെ രണ്ടുപേരുടെയും പേരിൽ കേസുണ്ടെന്നാണ്. ഇതുകണ്ടിട്ടാണ് പിറ്റേദിവസം അവർ ഓഫീസിലേക്ക് പോയത്. അവിടെ ചെന്നപ്പോൾ ഔദ്യോഗസ്ഥർ മക്കളെ ഉപദ്രവിക്കുകയായിരുന്നു.
കെഎസ്ഇബി എംഡിയുടെ നിര്ദേശപ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്ഗ്രസ് പ്രവർത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില് അടച്ചിരുന്നില്ല. രണ്ട് ദിവസം മുന്പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല് ബില്ലടച്ചു. തുടർന്ന് വൈദ്യുതി കണക്ഷന് പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല് കയ്യേറ്റം ചെയ്തു. ഇതറിഞ്ഞ അസി.എന്ജീനിയര് പ്രശാന്ത് നല്കിയ പരാതിയില് പൊലീസ് കേസെടുത്തു. ഇത് ചോദ്യം ചെയ്ത് ഇന്ന് രാവിലെ കെഎസ്ഇബി ഓഫിസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേര്ന്ന് മര്ദ്ദിച്ചെന്നാണ് പരാതി.