'ബാലന്‍ അങ്ങനെ പറയില്ല പക്ഷെ, എസ്എഫ്‌ഐ തിരുത്തണം'; നിലപാട് ആവര്‍ത്തിച്ച് ബിനോയ് വിശ്വം

ബാലന്റെ ഭാഗത്ത് നിന്നും സിപിഐയെക്കുറിച്ചോ എന്നെയോകുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടാവില്ല. അതാണ് എ കെ ബാലന്‍-ബിനോയ് ബന്ധം
'ബാലന്‍ അങ്ങനെ പറയില്ല പക്ഷെ, എസ്എഫ്‌ഐ തിരുത്തണം'; നിലപാട് ആവര്‍ത്തിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: എസ്എഫ്‌ഐ തിരുത്തണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവരുടെ ചോര കുടിക്കാന്‍ താനും സമ്മതിക്കില്ല. ബാലന്റെ ഭാഗത്ത് നിന്നും സിപിഐയെയോ തന്നെയോകുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

'അങ്ങനെയൊന്നും ബാലന്‍ പറയില്ല. നിങ്ങള്‍ക്ക് ബാലനെ അറിയില്ല. എനിക്ക് ബാലനെ അറിയാം. ബാലന്റെ ഭാഗത്ത് നിന്നും സിപിഐയെക്കുറിച്ചോ എന്നെയോ കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടാവില്ല. അതാണ് എ കെ ബാലന്‍-ബിനോയ് ബന്ധം. അതാണ് സിപിഐഎം-സിപിഐ ബന്ധം. അത് നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല. എസ്എഫ്‌ഐ തിരുത്തണം. അവരുടെ ചോര കുടിക്കാന്‍ ഞാനും സമ്മതിക്കില്ല.' ബിനോയ് വിശ്വം പറഞ്ഞു.

പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും തിരുത്താന്‍ തയ്യാറാകണം എന്നുമുള്ള ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിനെതിരെ എ കെ ബാലന്‍ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.

എസ്എഫ്‌ഐക്ക് അവരുടെ രാഷ്ട്രീയത്തിന്റെ, ആശയത്തിന്റെ ആഴം അറിയില്ലെന്നും അവരെ പഠിപ്പിക്കണമെന്നുമുള്ള ബിനോയ് വിശ്വത്തിന്റെ പ്രതികരണമാണ് എ കെ ബാലനെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശൈലി അല്ല. പ്രാകൃതമായ സംസ്‌കാരമാണ്. എസ്എഫ്‌ഐക്ക് നിരക്കുന്നതല്ല. എസ്എഫ്‌ഐയിലുള്ളവര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്‌ഐ ഇടതുപക്ഷത്തിന്റെ ബാധ്യതയായി മാറുമെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു വിമര്‍ശനം. കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണ്ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ ചൊങ്കൊടിക്ക് അപമാനമാണെന്ന വിമര്‍ശനവും ബിനോയ് വിശ്വം ഉയര്‍ത്തിയിരുന്നു.

എന്നാല്‍, 'മുന്നണിക്കുള്ളിലുള്ളയാളായാലും പുറത്തുള്ളയാളായാലും ശരി, എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല. ഒരു വിദ്യാര്‍ത്ഥി സംഘടനയെ പേപ്പട്ടിയാക്കി തല്ലികൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് സമ്മതികില്ല. എസ്എഫ്‌ഐയെ വളര്‍ത്തിയത് ഞങ്ങളാണ്.' എ കെ ബാലന്‍ പറഞ്ഞു. തിരുത്തേണ്ടത് തിരുത്താന്‍ എസ്എഫ്‌ഐക്ക് കഴിയും. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പിശക് ഉണ്ടെങ്കിലും തിരുത്തുമെന്നുമായിരുന്നു എ കെ ബാലന്‍ പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com