തിരുവനന്തപുരം: കൊലക്കേസ് പ്രതിയുടെ ജയില്വാസക്കാലയളവ് സര്വീസായി പരിഗണിച്ച് സ്ഥാനക്കയറ്റം നല്കാന് സിപിഐഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്. ശിശുക്ഷേമ സമിതി ജീവനക്കാരനായ പ്രാദേശിക സിപിഐഎം നേതാവും ബിജെപി പ്രവര്ത്തന് രഞ്ജിത്ത് കൊലക്കേസിലെ പ്രതിയുമായ വി അജികുമാറിന് വേണ്ടിയാണ് സിപിഐഎമ്മിന്റെ വഴിവിട്ട ഇടപെടല്. ഒരു വര്ഷം ജയിലില് കിടന്ന കാലയളവ് സര്വീസായി പരിഗണിച്ച് സ്ഥാനക്കയറ്റം നല്കാനാണ് ശിശുക്ഷേമ സമിതി ജനറല് സെക്രട്ടറിയുടെ നീക്കം. ഇത് വ്യക്തമാക്കുന്ന രേഖകള് റിപ്പോര്ട്ടര് ടിവിക്ക് ലഭിച്ചു.
ശിശുക്ഷേമ സമിതിയിലെ സിഐടിയു യൂണിയന് സെക്രട്ടറിയായ അജികുമാര് വഞ്ചിയൂർ സിപിഐഎമ്മിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. 1999ലാണ് അജികുമാര് ശിശുക്ഷേമ സമിതിയില് ജോലിയില് പ്രവേശിക്കുന്നത്. 2008ല് സിപിഐഎം പ്രവര്ത്തകനായ വിഷ്ണു കൊലക്കേസിലെയും ബിജെപി പ്രവര്ത്തകന് രഞ്ജിത് കൊലക്കേസിലെയും പ്രതിയാണ് അജിത് കുമാർ.
2008 ഏപ്രില് മുതല് 2009 ഏപ്രില് വരെ ജയിലിലായതിനാല് സര്വീസില് നിന്ന് സസ്പെന്ഷനിലായി. സര്വീസിലെ ഇടവേള പ്രൊമോഷനെ ബാധിച്ചതോടെയാണ് അജികുമാര് പ്രൊമോഷനായുള്ള നീക്കങ്ങള് തുടങ്ങിയത്. അതിന് വേണ്ടി ജയിലില് കിടന്ന കാലയളവ് സര്വീസായി പരിഗണിക്കണം എന്ന വിചിത്ര വാദവുമായി ശിശുക്ഷേമ സമിതി ജനറല് സെക്രട്ടറിക്ക് അപേക്ഷ നല്കി. കൂടാതെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കത്തും കൊടുത്തു. പാര്ട്ടി കത്ത് എകെജി സെന്ററിലും മന്ത്രി വീണാ ജോര്ജിന്റെ ഓഫീസിലുമെത്തി. ഇതോടെ ഉന്നത ബന്ധമുള്ള അജികുമാറിന് വേണ്ടി ജയില്വാസം സര്വീസാക്കി കൊടുക്കാന് ശിശുക്ഷേമ സമിതി ജനറല് സെക്രട്ടറി നീക്കം തുടങ്ങിയെന്നാണ് റിപ്പോര്ട്ടര് അന്വേഷണത്തില് കണ്ടെത്തിയത്.