തൃശ്ശൂരുകാര്‍ കൈവിട്ട മുരളീധരന്‍ വയനാട്ടിലേക്കെത്തുമോ? ആവശ്യം ശക്തം, ചര്‍ച്ച സജീവം

വയനാട്ടില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ആദ്യം പിന്തുണയ്ക്കുക കോഴിക്കോട് ജില്ലാ കമ്മിറ്റി ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ്
തൃശ്ശൂരുകാര്‍ കൈവിട്ട മുരളീധരന്‍ വയനാട്ടിലേക്കെത്തുമോ?  ആവശ്യം ശക്തം, ചര്‍ച്ച സജീവം

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനെ വയനാട് ലോക്‌സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യത. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്‌സഭ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഈ ഒഴിവിലേക്ക് മുരളിയെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായിരിക്കുകയാണ്. കെ മുരളീധരന് ഉന്നത പദവി നല്‍കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. വയനാട്ടില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ആദ്യം പിന്തുണയ്ക്കുക കോഴിക്കോട് ജില്ലാകമ്മിറ്റി ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. മുരളീധരന്റെ സേവനം പാര്‍ട്ടിക്കും മുന്നണിക്കും ആവശ്യമുണ്ടെന്നും മുരളീധരന് ഉന്നത പദവി നല്‍കണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

തൃശ്ശൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. തൃശ്ശൂരില്‍ കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ നേടിയത്. ഇക്കുറി മുരളീധരന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ 86959 കുറവ് വോട്ടാണ് ലഭിച്ചത്. മുരളീധരന്‍ മണ്ഡലത്തില്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായിട്ടും മുരളീധരന്‍ തൃശ്ശൂരില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനുള്ളില്‍ വരുംനാളുകളില്‍ ഏറെ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകും. സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ചടുല നീക്കത്തിലാണ് വടകരയിലെ സിറ്റിങ്ങ് എംപിയായ മുരളീധരന്‍ തൃശ്ശൂരില്‍ മത്സരിക്കാനെത്തുന്നത്. എന്നാല്‍, വടകരയിലായായിരുന്നെങ്കില്‍ മുരളീധരന്‍ വിജയം ഉറപ്പായിരുന്നുവെന്നാണ് നേതൃത്വത്തിലെ ചിലര്‍തന്നെ ഇപ്പോള്‍ പറയുന്നത്.

ഇനി മത്സരിക്കാനില്ലെന്നും പൊതുരംഗത്തുനിന്നും കുറച്ചുകാലം വിട്ടുനില്‍ക്കുകയാണെന്നുമാണ് പരാജയത്തിന് ശേഷം മുരളിയുടെ പ്രതികരണം. എന്നാല്‍, എന്തുവിലകൊടുത്തും മുരളീധരനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടയാളല്ലെന്നും കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ പ്രതികരിച്ചിരുന്നു. മുരളീധരന് പാര്‍ട്ടിയെ ആവശ്യമുണ്ടെന്നും അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസിലെ മറ്റുമുതിര്‍ന്ന നേതാക്കളും പ്രതികരിച്ചിരുന്നു. മുരളീധരനെ വയനാട്ടില്‍ പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വവും ആവശ്യപ്പെട്ടു. ഇതിനിടയിലാണ് അദ്ദേഹം വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ മുരളീധരനെ വടകരയില്‍നിന്ന് തൃശ്ശൂരിലേക്ക് മാറ്റിയതില്‍ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം പുകയുന്നുണ്ട്.

സംഘ്പരിവാര്‍ ശക്തികള്‍ക്ക് സാംസ്‌കാരിക തലസ്ഥാനം തുറന്നുകൊടുത്തതിന്റെ ഉത്തരവാദിത്തം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കാണെന്ന് തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം പരസ്യമായി ആരോപിച്ചിരിക്കുകയാണ്. ഇരുവര്‍ക്കുമെതിരേ നഗരത്തില്‍ പോസ്റ്ററുകളും വന്നു. അതിനാല്‍ പാര്‍ട്ടിയില്‍ കലഹം രൂക്ഷമാകുന്നതിനിടെ മുരളീധരന് ഉടന്‍ അര്‍ഹമായ പരിഗണ നല്‍കി പ്രതിസന്ധി പരിഹരിക്കുകയെന്നതായിരിക്കും നേതൃത്വത്തിന് മുന്നിലുള്ള ഏകപോംവഴി. അതിനാല്‍ ഒഴിവുവരുന്ന വയനാട് സീറ്റിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ സധ്യതയേറെയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com