കണ്ണൂരില്‍ വീണ്ടും സുധാകരന്റെ കോട്ട

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം അടക്കം മുഴുവന്‍ മണ്ഡലങ്ങളിലും സുധാകരന് വ്യക്തമായ ലീഡ് ലഭിച്ചു
കണ്ണൂരില്‍ വീണ്ടും സുധാകരന്റെ കോട്ട

കണ്ണൂര്‍: കണ്ണൂരില്‍ യുഡിഎഫിന് തുടര്‍ച്ചയായി വിജയം സമ്മാനിച്ച് കെ സുധാകരന്‍. ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്റെ തേരോട്ടം. പോസ്റ്റല്‍ വോട്ടില്‍ കൗണ്ടിങ് തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനായിരുന്നു മുന്നേറ്റം എന്നാല്‍, ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷിന്‍ തുറന്നപ്പോള്‍ ഓരോ ഘട്ടത്തിലും സുധാകരന്‍ മുന്നേറുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജന്‍ ആണ് രണ്ടാം സ്ഥാനം നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് മൂന്നാം സ്ഥാനത്താണെങ്കിലും ചരിത്രത്തിലാദ്യമായി കണ്ണൂരിൽ ബിജെപിക്ക് ഒരു ലക്ഷത്തിലേറെ വോട്ടുകള് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം അടക്കം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് ഉറപ്പിച്ചായിരുന്നു സുധാകാരന്റെ വിജയം.

2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എംപിയായിരുന്ന സിപിഐഎമ്മിലെ പി കെ ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് സുധാകരന്‍ വീണ്ടും ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ സുധാകരന്‍ 5,29,741 വോട്ട് നേടിയപ്പോള്‍ ശ്രീമതിക്ക് വോട്ട് 4,35,182 നേടാനേ കഴിഞ്ഞുള്ളു. സുധാകരന് 94,559 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ജയം. ബിജെപിയിലെ സി കെ പത്മനാഭന് 68,509 വോട്ടായിരുന്നു. സുധാകരന്‍ 50.3% വോട്ട് നേടിയുരുന്നു കഴിഞ്ഞ വര്‍ഷം. പി കെ ശ്രീമതി 41.3 ശതമാനമായിരുന്നു വോട്ട് വിഹിതം. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ പി കെ ശ്രീമതിയോട് 7000ത്തിനടുത്ത് വോട്ടിന് തോറ്റിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തവണ മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു.

നിലവില്‍ കണ്ണൂര്‍ എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വനം, കായിക മന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. 1984 മുതല്‍ 1991 വരെ കെപിസിസിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായിരുന്ന സുധാകരന്‍ 1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡിസിസിയുടെ പ്രസിഡന്റായിരുന്നു. 1991-2001 കാലഘട്ടത്തില്‍ യു.ഡി.എഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2018-2021 കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2021 മുതല്‍ കെപിസിസിയുടെ അധ്യക്ഷനായി.

1980, 1982 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എടക്കാട് നിന്നും 1987ല്‍ തലശ്ശേരിയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991ല്‍ നിയമസഭയിലേയ്ക്കുള്ള എടക്കാട് മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒ ഭരതനോട് തോറ്റു. 1991ല്‍ ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കിയെങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992ല്‍ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയ സിപിഐഎമ്മിലെ ഒ ഭരതനെ തന്നെ ഒടുവില്‍ 1996ല്‍ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവിറങ്ങി. 1996-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായി ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എന്‍ രാമകൃഷ്ണനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് സുധാകരന്‍ ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് 1996, 2001, 2006 വര്‍ഷങ്ങളില്‍ കണ്ണൂരില്‍ നിന്ന് നിയമസഭ അംഗമായി. 2001-2004 കാലഘട്ടത്തിലെ എ കെ ആന്റണി മന്ത്രിസഭയില്‍ വനംവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. 2009ല്‍ നടന്ന ലോക്‌സഭ തിരഞ്ഞടുപ്പില്‍ സിപിഎമ്മിലെ കെ കെ രാഗേഷിനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭ അംഗമായി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ പി കെ ശ്രീമതിയോട് 7000ത്തിനടുത്ത് വോട്ടിന് തോറ്റു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു കോട്ടയായ കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ നിന്ന് മത്സരിച്ചുവെങ്കിലും സിപിഐഎമ്മിലെ കെ കുഞ്ഞിരാമനോട് പരാജയം ഏറ്റുവാങ്ങി.

2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എംപിയായിരുന്ന സിപിഐഎമ്മിലെ പി കെ ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ എടക്കാട് ഗ്രാമപഞ്ചായത്തില്‍ നടാല്‍ എന്ന ഗ്രാമത്തില്‍ രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മെയ് 11ന് ജനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര -ബിരുദം, പിന്നീട് നിയമബിരുദവും നേടി. അധ്യാപികയായി വിരമിച്ച സ്മിതയാണ് ഭാര്യ. സന്‍ജ്യോത് (ബിസിനസ്സ്, കോയമ്പത്തൂര്‍), സൗരഭ് എന്നിവര്‍ മക്കളാണ്. ശ്രീലക്ഷ്മിയാണ് മരുമകള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com