വോട്ടെണ്ണുന്നത് എങ്ങനെ, നടപടിക്രമങ്ങള്‍ എന്തൊക്കെ? വിശദമായി അറിയാം

പോസ്റ്റല്‍ ബാലറ്റുകൾ എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമായിരിക്കും വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക
വോട്ടെണ്ണുന്നത് എങ്ങനെ, നടപടിക്രമങ്ങള്‍ എന്തൊക്കെ? വിശദമായി അറിയാം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം. കേരളത്തില്‍ മണ്ഡലം തിരിച്ചുള്ള സ്ട്രോങ് റൂമുകൾ തുറന്നു തുടങ്ങി. വോട്ടെണ്ണൽ മുറികളിലേക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും (ഇവിഎം) തപാൽ ബാലറ്റുകളുടെ പെട്ടികളും ഉടൻ എത്തും. സംസ്ഥാനത്തെ വോട്ടെണ്ണല്‍ നടക്കുന്നത് 20 കേന്ദ്രങ്ങളിലായാണ്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകൾ എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമായിരിക്കും വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക.

വൊട്ടെണ്ണലുമായി ബന്ധപ്പെട്ട് നടക്കുന്ന നടപടിക്രമങ്ങൾ അറിയാം;

#. വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശിക്കാനാകുന്നത് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ്. മാത്രമല്ല, വോട്ടെണ്ണുന്ന മുറിയ്ക്കുള്ളിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഏക വ്യക്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനു മാത്രമായിരിക്കും.

#. ഓരോ മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ പ്രത്യേകം ഹാളുകളായിരിക്കും ഒരുക്കിയിട്ടുണ്ടാവുക. ഒരോ മുറിയിലും 14 വോട്ടെണ്ണല്‍ മേശകളും ഓരോ മേശയ്ക്കും ഒരു ഗസറ്റഡ് റാങ്കുള്ള കൗണ്ടിങ് സൂപ്പര്‍വൈസറും ഉണ്ടാകും. കൗണ്ടിങ് സൂപ്പര്‍വൈസറൊടൊപ്പം കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും ഉണ്ടാകും.

വോട്ടെണ്ണുന്ന രീതി എങ്ങനെ:

#. സ്ട്രോങ്ങ് റൂം തുറന്ന് ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തും. ശേഷം ലോക്ക് തുറക്കും. ഈ നടപടിക്രമങ്ങളെല്ലാം വീഡിയോയിൽ റെക്കോർഡ് ചെയ്യപ്പെടും. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകൾ, പോസ്റ്റല്‍ ബാലറ്റുകൾ എന്നിവയാണ് ആദ്യം എണ്ണുക, പിന്നീട് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍.

#. വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. കണ്‍ട്രോള്‍ യൂണിറ്റ് കൊണ്ടുവന്ന ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തന ക്ഷമത പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം സീല്‍ പൊട്ടിക്കുന്നു.

#. ഓരോ യന്ത്രത്തിലെയും റിസൾട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഏജന്റുമാരുടെ നിരീക്ഷണത്തോടെ സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച് രേഖപ്പെടുത്തുന്നു. വോട്ടിങ് മെഷീനുകൾ എല്ലാം എണ്ണിത്തീര്‍ന്നതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ ഏതെങ്കിലും രണ്ട് മെഷീന്‍ എടുത്ത് കൗണ്ട് കൃത്യമാണോ എന്ന് ഉറപ്പ് വരുത്തും.

#. ഒരു റൗണ്ട് പൂർത്തിയായൽ കൃത്യമായി പട്ടികയാക്കി അതിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫീസര്‍ ഔദ്യോഗികമായി രേഖപ്പെടുത്തും. ഇങ്ങനെ ഒരോ ഘട്ടം കഴിയുമ്പോഴും എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ റിട്ടേണിങ് ഓഫീസര്‍ മാറ്റിവെച്ച് അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശിക്കും.

#. എല്ലാ റൗണ്ടിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിക്കുകയുള്ളു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഏതെങ്കിലും തിരഞ്ഞെടുത്ത അഞ്ച് പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകളാകും എണ്ണുക. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണാൻ ഒരു മണിക്കൂറെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിന് ശേഷം മാത്രമാണ് അന്തിമവിധി പ്രഖ്യാപിക്കുക.

വോട്ടെണ്ണുന്നത് എങ്ങനെ, നടപടിക്രമങ്ങള്‍ എന്തൊക്കെ? വിശദമായി അറിയാം
വോട്ടെണ്ണൽ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com