ജനക്ഷേമത്തിന് കോണ്‍ഗ്രസ് വരണം, ആലത്തൂര്‍ ഇത്തവണയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കും: രമ്യാ ഹരിദാസ്

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു
ജനക്ഷേമത്തിന് കോണ്‍ഗ്രസ് വരണം, ആലത്തൂര്‍ ഇത്തവണയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കും: രമ്യാ ഹരിദാസ്

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ഇത്തവണയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് രമ്യാ ഹരിദാസ് എംപി. തനിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപം അഴിച്ചുവിട്ട മാനസിക രോഗികള്‍ക്കുള്ള മറുപടി കൂടിയായിരിക്കും ഇത്തവണത്തെ ജനവിധിയെന്നും രമ്യാ ഹരിദാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലത്തിന് വില കൊടുക്കുന്നില്ല. ജനക്ഷേമത്തിന് കോണ്‍ഗ്രസ് വരണം. വിഭാഗീയത കൊണ്ട് ജനങ്ങളുടെ വയറ് നിറയില്ല. ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപിയും പ്രതികരിച്ചു. ഇന്‍ഡ്യ സഖ്യം തന്നെ അധികാരത്തില്‍ വരും. 2004ല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്നാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ഇടുക്കിയില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഇന്നലെ പുറത്തുവന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ ഇന്‍ഡ്യ മുന്നണിക്ക് നിരാശയാണ് നല്‍കുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്.

എന്‍ഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്‍ക്ക് (359), ഇന്‍ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353368), ഡൈനിക് ഭാസ്‌കര്‍ (281350), ന്യൂസ് നാഷണ്‍ (342378), ജന്‍ കി ബാത് (362392) എന്നിങ്ങനെയാണ് പ്രവചനം.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. അതേസമയം ഫലം വരുമ്പോള്‍ തങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്‍ഡ്യാ മുന്നണി. ഉത്തര്‍പ്രദേശ്-40, രാജസ്ഥാന്‍-7, മഹാരാഷ്ട്ര-24, ബീഹാര്‍-22, തമിഴ്നാട്-39, കേരളം-20, ബംഗാള്‍ 24 (തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാര്‍ഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കര്‍ണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇന്‍ഡ്യാ മുന്നണി കണക്ക് കൂട്ടല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com