അതിശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
അതിശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവാസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളി‍ല്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട്.

കേരള തീരത്ത് ഇന്ന് 0.5 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വേഗത സെക്കന്‍ഡില്‍ 26 cm നും 71 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചത്.

തെക്കന്‍ തമിഴ്‌നാട് തീരത്ത് കുളച്ചല്‍ മുതല്‍ കിലക്കരെ വരെ നാളെ (01-06-2024) രാത്രി 11.30 വരെ 0.5 മുതല്‍ 2.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 24 cm നും 93 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക;

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com