മൃഗബലി ആരോപണം:'ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചു,അങ്ങനെ ഒന്നും നടന്നിട്ടില്ല';കെ രാധാകൃഷ്ണന്‍

വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്
മൃഗബലി ആരോപണം:'ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചു,അങ്ങനെ ഒന്നും നടന്നിട്ടില്ല';കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ഡി കെ ശിവകുമാറിന്റെ മൃഗബലി ആരോപണത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് മനസിലാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

'ഡി കെ ശിവകുമാര്‍ ഉന്നയിച്ചത് വലിയ ആരോപണമാണ്. ആരോപണം അന്വേഷിക്കുകയുണ്ടായി. രാജരാജേശ്വര ക്ഷേത്രം ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് സംസാരിച്ചു. ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് കിട്ടിയത്. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞതെന്ന് പരിശോധിക്കണം. വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ല', മന്ത്രി പറഞ്ഞു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമായി മൃഗബലി നടന്നുവെന്നായിരുന്നു ശിവകുമാറിന്റെ ആരോപണം. കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.

ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തന്റെ കൈത്തണ്ടയില്‍ കെട്ടിയിരിക്കുന്ന ചരട് എടുത്ത് കാണിച്ച് തനിക്ക് നേരേയുളള ദുഷിച്ച കണ്ണുകളെ തടയാനാണ് താന്‍ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാര്‍ പറഞ്ഞു. തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെയാണ് യാഗങ്ങള്‍ നടത്തുന്നത്. കേരളത്തിലെ രാജ രാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാന്‍ ശത്രു ഭൈരവിയാഗം(അഗ്‌നിബലി), പഞ്ചബലി എന്നീ കര്‍മങ്ങളാണ് നടത്തിയത്. ആട്, 21 എരുമകള്‍, മൂന്ന് കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവ അഗ്‌നിയാഗത്തിനായി ഉപയോഗിച്ചു. പൂജകള്‍ക്കായി ശത്രുക്കള്‍ അഘോരികളെയാണ് സമീപിക്കുന്നത്. യാ?ഗങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുത്തവരില്‍ നിന്ന് തനിക്ക് അതിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ശിവകുമാര്‍ അവകാശപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ക്ഷേത്രം ഭാരവാഹികള്‍ ആരോപണം നിഷേധിച്ച് രംഗത്തെത്തി. വാസ്തവവിരുദ്ധമായ പ്രസ്താവനയാണെന്നും ക്ഷേത്രത്തില്‍ അങ്ങനെ ഒരു പൂജ നടക്കാറില്ലെന്നും ദേവസ്വം ട്രസ്റ്റി ടി ടി മാധവന്‍ മെമ്പര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അത്തരം പൂജ നടന്നുവെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ക്ഷേത്ര പരിസരത്തും ഇത്തരമൊരു യാഗം നടന്നതായി വിവരമില്ല. മൃഗബലിയോ മറ്റ് യാഗങ്ങളോ ക്ഷേത്ര പൂജയുടെ ഭാഗമല്ല. ബിജെപി നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂയൂരപ്പ ഉള്‍പ്പെടെയുള്ള മറ്റു രാഷ്ട്രീയ നേതാക്കള്‍ ക്ഷേത്രത്തില്‍ വരാറുണ്ട്. അതുകൊണ്ട് ഒരുപക്ഷേ തെറ്റിദ്ധാരണ ഉണ്ടായതാവാം എന്നും ടി ടി മാധവന്‍ പറഞ്ഞു. മാടായിക്കാവ് ക്ഷേത്രത്തിലെ പൂജാരികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് പരിശോധന നടത്തിയത്.

മൃഗബലി ആരോപണം:'ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചു,അങ്ങനെ ഒന്നും നടന്നിട്ടില്ല';കെ രാധാകൃഷ്ണന്‍
ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം വൈകി;കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട വിമാന സമയത്തില്‍ മാറ്റം

Related Stories

No stories found.
logo
Reporter Live
www.reporterlive.com