കടമ്പൂരിലെ 'എയ്ഡഡ്' കൊള്ള പലവിധം; യൂണിഫോം വിതരണത്തിലൂടെ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ്

അഞ്ച് ശതമാനം ജിഎസ്ടിയാണ് വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങുന്നത്
കടമ്പൂരിലെ 'എയ്ഡഡ്' കൊള്ള പലവിധം; യൂണിഫോം വിതരണത്തിലൂടെ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ്

കണ്ണൂര്‍: കടമ്പൂര്‍ സ്‌കൂളിലെ യൂണിഫോം വിതരണത്തിലും വന്‍ ക്രമക്കേട്. വ്യാജ ജിഎസ്ടി ബില്ലുപയോഗിച്ച് ലക്ഷങ്ങളുടെ നികുതി തട്ടിപ്പാണ് കടമ്പൂര്‍ എച്ച്എസ്എസില്‍ കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണത്തിലൂടെ മാനേജ്‌മെന്റ് നടത്തുന്നത്. യൂണിഫോം വിതരണം ചെയ്യുന്നത് സ്‌കൂള്‍ മാനേജറുടെ സ്വന്തം കമ്പനിയായ മഞ്ജു ബിസിനസ് അസോസിയേറ്റ്‌സിന്റെ നേതൃത്വത്തിലാണ്. പക്ഷെ നല്‍കിയ ബില്ലുകളില്‍ വേറെ കമ്പനിയുടെ പേരിലുള്ള പല ജിഎസ്ടി നമ്പറുകളലാണ്. ഓരോ ബില്ലിലും ജിഎസ്ടി നമ്പറുകള്‍ വ്യത്യസ്തമാണ്. പ്രധാനമായും കൊച്ചി ആസ്ഥാനമായുള്ള നിഷാനു ക്രാഫ്റ്റ്‌സ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ജിഎസ്ടി നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് ശതമാനം ജിഎസ്ടിയാണ് വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങിയത്. മൂന്നര കോടിയോളം വരുന്ന യൂണിഫോം ഇടപാടില്‍ വ്യാജ ജിഎസ്ടി ബില്ലുണ്ടാക്കിയാണ് തട്ടിപ്പ്. ജിഎസ്ടി വെട്ടിപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.

6100ഓളം വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തിലൂടെ ലക്ഷങ്ങളുടെ ക്രമക്കേടാണ് സ്‌കൂളില്‍ നടക്കുന്നത്. ഇതുസംബന്ധിച്ച് വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ റിപ്പോര്‍ട്ടര്‍ പ്രതിനിധിക്ക് നല്‍കിയത്. ഹെഡ്മാസ്റ്റര്‍ എന്ന നിലയില്‍ യൂണിഫോം വിതരണത്തെ പറ്റി തനിക്കറിയില്ല എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. സ്‌കൂളില്‍ നടക്കുന്ന ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിക്കുന്ന അധ്യാപകര്‍ക്കെതിരെ പ്രതികാരമെന്നോണം അനാവശ്യ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതായും പരാതി വ്യാപകമാണ്. കുട്ടികളില്‍ നിന്ന് അനധികൃതമായി പലവധത്തിലുള്ള ഫീസ് ഈടാക്കുന്ന വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ടര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളിലേക്ക് ഇന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.

സ്‌കൂളിന്റെ വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ എന്നിവയുടെ പേരില്‍ മാനേജ്മെന്റ് പിരിച്ചെടുത്തത് കോടികളാണെന്നായിരുന്നു ഇന്നലെ റിപ്പോര്‍ട്ടര്‍ നല്‍കിയ വാര്‍ത്ത. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ചോദ്യപേപ്പറിനും കുട്ടികള്‍ മാനേജ്മെന്റിന് പണം കൊടുക്കേണ്ട സ്ഥിതിയാണ്. നിയമവിരുദ്ധമായി അമ്പത് ലക്ഷത്തിലേറെ രൂപയാണ് ഓരോ വര്‍ഷവും ഈ വകയില്‍ മാത്രം പിരിച്ചെടുത്തത്. എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളില്‍ നിന്ന് ഒരുതരത്തിലും പണപ്പിരിവ് പാടില്ലെന്ന ചട്ടം ലംഘിച്ചാണ് കടമ്പൂര്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ പിടിച്ചുപറി.

കടമ്പൂരിലെ 'എയ്ഡഡ്' കൊള്ള പലവിധം; യൂണിഫോം വിതരണത്തിലൂടെ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ്
കുടിവെള്ളത്തിനും വൈദ്യുതിക്കും കുട്ടികളില്‍ നിന്ന് പണം; കടമ്പൂര്‍ സ്‌കൂളില്‍ എയ്ഡഡ് കൊള്ള

ചോദ്യപേപ്പര്‍ അച്ചടിച്ചു നല്‍കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. ഇലക്ട്രിസിറ്റിക്കും വെള്ളത്തിനുമുള്ള പണം എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റായും കിട്ടുന്നു. ഇതിനിടയിലാണ് അതേ പേരില്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും കോടികള്‍ പിരിച്ചെടുത്ത് നിയമവും ചട്ടവും അട്ടിമറിക്കുന്നത്.

അനധികൃത പണപ്പിരിവ് സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി തവണ ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. സ്‌കൂള്‍ മാനേജ്മെന്റിന്റെ രാഷ്ട്രീയ സ്വാധീനമാണ് നടപടി ഇല്ലാത്തത്തിന് കാരണമായി പറയപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങളും നടപടികളും കാറ്റില്‍ പടര്‍ത്തിയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com