'അലോഷ്യസ് വ്യക്തിവിരോധം തീര്‍ത്തു, സസ്‌പെന്‍ഷന്‍ ഏകപക്ഷീയം';കെഎസ്‌യു നേതൃത്വത്തിനെതിരെ അനന്തകൃഷ്ണന്‍

തിരുവനന്തപുരത്ത് കെഎസ്‌യു സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ പുറത്തുവിട്ടതിനാണ് അനന്തകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്.
'അലോഷ്യസ് വ്യക്തിവിരോധം തീര്‍ത്തു, സസ്‌പെന്‍ഷന്‍ ഏകപക്ഷീയം';കെഎസ്‌യു നേതൃത്വത്തിനെതിരെ അനന്തകൃഷ്ണന്‍

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അച്ചടക്ക നടപടിക്ക് വിധേയനായ സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്ത കൃഷ്ണന്‍. തന്നെ സസ്‌പെന്‍ഡ് ചെയ്തത് ഏകപക്ഷീയമായിട്ടാണെന്നും പിന്നില്‍ വ്യക്തി വിരോധമാണെന്ന് സംശയിക്കുന്നതായും അനന്തകൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'നടപടിയെടുക്കുന്നതിന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. എനിക്ക് അത് കിട്ടിയിട്ടില്ല. കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് എന്‍എസ്‌യു നേതൃത്വം എനിക്കെതിരെ നടപടിയെടുത്തത്. വ്യക്തിപരമായ വിരോധത്തിലാണോ നടപടിയെടുത്തത് എന്ന സംശയം എനിക്കുണ്ട്.' റിപ്പോര്‍ട്ടറിനോടായിരുന്നു അനന്തകൃഷ്ണന്റെ പ്രതികരണം.

തിരുവനന്തപുരത്ത് കെഎസ്‌യു സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ പുറത്തുവിട്ടതിനാണ് അനന്തകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. താന്‍ കെ സുധാകര പക്ഷ പ്രവര്‍ത്തകന്‍ ആയതിനാലാകാം നടപടിയെന്നും അനന്തകൃഷ്ണന്‍ ആരോപിച്ചു.

'കെപിസിസി അധ്യക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്നു. ക്ഷണിക്കേണ്ട ഉത്തരവാദിത്തം കെഎസ്‌യു സംസ്ഥാന നേതൃത്വത്തിനാണ്. ക്ഷണിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണം' എന്നും അനന്തകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അനന്തകൃഷ്ണന് പുറമെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട്, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്നാണ് കെപിസിസി അന്വേഷണ കമ്മീഷന്റെയും കണ്ടെത്തല്‍.

സംഭവത്തില്‍ കെഎസ്‌യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷന്റെ കണ്ടെത്തലുണ്ട്. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‌യു ഭാവി പരിപാടികളില്‍ കെപിസിസിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചത്.

നെയ്യാര്‍ ഡാമില്‍ നടന്ന മേഖലാ ക്യാമ്പിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിന് കാരണം. ശനിയാഴ്ച്ച രാത്രിയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരല്ലാത്ത രണ്ടുപേര്‍ ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com