സിദ്ധാർത്ഥൻ്റെ മരണം; സിബിഐ കേസിൽ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് സിബിഐയുടെ നിലപാട്
സിദ്ധാർത്ഥൻ്റെ മരണം; സിബിഐ കേസിൽ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷകളില്‍ സിബിഐ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ജാമ്യാപേക്ഷകളില്‍ പ്രത്യേകം വാദം കേള്‍ക്കണമെന്നാണ് സിബിഐയുടെ ആവശ്യം. കേസില്‍ പ്രാഥമിക കുറ്റപത്രം സിബിഐ അന്വേഷണ സംഘം വിചാരണ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഗൂഡാലോചന സംബന്ധിച്ച തുടരന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് സിബിഐയുടെ നിലപാട്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ത്ഥന്റെ അമ്മയും ഓരോ കേസിലും കക്ഷി ചേര്‍ന്നിട്ടുണ്ട്. മനുഷ്യത്വ രഹിതമായ പീഡനത്തിനാണ് സിദ്ധാര്‍ത്ഥന്‍ ഇരയായത് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

നേരത്തെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗത്തിലായിരുന്നു കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. എസ്പി എം സുന്ദര്‍വേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഇന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കോളേജ് ക്യാമ്പസിനകത്ത് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ സംഭവമുണ്ടായത്. അതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യത്വരഹിതമായ പീഡനത്തിനാണ് സിദ്ധാര്‍ത്ഥന്‍ ഇരയായത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥരും നടപടി നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com