BJPയും SDPIയും തങ്ങളുടെ സഖ്യകക്ഷികള്‍ ആകുന്നതില്‍ വി ഡി സതീശന്റെ കോണ്‍ഗ്രസിന് ചാഞ്ചല്യമില്ല: അബ്ദുല്‍ ഖാദർ

അധികാരക്കൊതി മൂത്ത കോണ്‍ഗ്രസിന് ബിജെപി ഉയര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയ ഭീഷണിയോ എസ്ഡിപിഐയുടെ മുസ്‌ലിം തീവ്രവാദ രാഷ്ട്രീയമോ ബാധകമേ അല്ലെന്നും അബ്ദുല്‍ ഖാദര്‍

BJPയും SDPIയും തങ്ങളുടെ സഖ്യകക്ഷികള്‍ ആകുന്നതില്‍ വി ഡി സതീശന്റെ കോണ്‍ഗ്രസിന് ചാഞ്ചല്യമില്ല: അബ്ദുല്‍ ഖാദർ
dot image

തൃശൂര്‍: പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍. ബിജെപിയും എസ്ഡിപിഐയും തങ്ങളുടെ സഖ്യകക്ഷികള്‍ ആകുന്നതില്‍ വി ഡി സതീശന്റെ കോണ്‍ഗസിന് യാതൊരു ചാഞ്ചല്യവുമില്ലെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. അധികാരക്കൊതി മൂത്ത കോണ്‍ഗ്രസിന് ബിജെപി ഉയര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയ ഭീഷണിയോ എസ്ഡിപിഐയുടെ മുസ്‌ലിം തീവ്രവാദ രാഷ്ട്രീയമോ ബാധകമേ അല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

'തൃശൂര്‍ ജില്ലയിലെ മറ്റത്തൂരും പാറളവും ചൊവ്വന്നൂരും ഇതിന് അടിവരയിടുന്നു. മറ്റത്തൂരില്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം ബിജെപിയുമായി കൈകോര്‍ത്ത് ഭരണം നേടി. തങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണ്. കോണ്‍ഗ്രസിന്റേത് മത നിരപേക്ഷ രാഷ്ട്രീയമായിരുന്നെങ്കില്‍ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഒന്നടങ്കം ബിജെപി പാളയത്തിലേക്ക് പോകുമായിരുന്നില്ല. പാറളത്ത് ഒരു കോണ്‍ഗ്രസ് അംഗം ബോധപൂര്‍വം വോട്ട് അസാധുവാക്കി ബിജെപിക്ക് വഴിയൊരുക്കി. ചൊവ്വന്നൂരില്‍ എസ്ഡിപിഐയുടെ രണ്ട് വോട്ടുകള്‍ നേടി കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം നേടി. ഇവിടെയും കോണ്‍ഗ്രസിന് വിമ്മിട്ടമൊന്നുമില്ല', അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

സ്വാഭാവികമായ സഖ്യ കക്ഷിയുടെ വോട്ട് എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കളുടേത്. ബിജെപിയും എസ്ഡിപിഐയും ജമാഅത്ത് ഇസ്‌ലാമിയും എല്ലാമായി ചങ്ങാത്തത്തിലായി കേരളത്തില്‍ പുരോഗമന ധാരണയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ ആണ് ഇവയെല്ലാം. മനുഷ്യരുടെ ഐക്യവും സാഹോദര്യവും ഉയര്‍ത്തി പിടിക്കുന്ന ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തെ അട്ടിമറിക്കാന്‍ ഈ പ്രതിലോമ ശക്തികളെ അനുവദിച്ചു കൂടായെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

കര്‍ണാടകയില്‍ സ്‌നേഹത്തിന്റെ കട എന്ന് പറഞ്ഞ് തുറന്നിരിക്കുന്നത് വിദ്വേഷത്തിന്റെ ആസുരതയാണ്. പാവങ്ങളുടെ വീടുകള്‍ തകര്‍ക്കുന്ന അവരുടെ രാഷ്ട്രീയം എതിര്‍ക്കപ്പെടേണ്ടതാണെന്നും കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെ വിമര്‍ശിച്ചും അബ്ദുല്‍ ഖാദര്‍ രംഗത്തെത്തി.

Content Highlights: CPIM Thrissur district secretary KV Abdul Khader criticized the Congress

dot image
To advertise here,contact us
dot image