മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

ഡ്രൈവര്‍ യദുവിനെതിരെ മേയര്‍ നല്‍കിയ പരാതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്
മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: മേയര്‍ - ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയില്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. ഇത് വരെയും മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആകാത്തത് അന്വേഷണത്തിന് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.

വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാകും മേയര്‍ ആര്യ രാജേന്ദ്രന്‍ രഹസ്യമൊഴി നല്‍കാന്‍ എത്തുക. ഡ്രൈവര്‍ യദുവിനെതിരെ മേയര്‍ നല്‍കിയ പരാതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്. ഉച്ചക്ക് 12 മണിക്ക് കോടതിയിലെത്താനാണ് നിര്‍ദേശം. കന്റോണ്‍മെന്റ് പൊലീസ് നല്‍കിയ അപേക്ഷയിലാണ് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.

അതേസമയം കേസിലെ നിര്‍ണായക തെളിവായ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ഇതുവരെയും പൊലീസിനായിട്ടില്ല. ഇത് അന്വേഷണത്തിന് വെല്ലുവിളിയാണ്. ബസിലെ ക്യാമറ ദൃശ്യങ്ങള്‍ കാണാതെ കേസ് മുന്നോട്ടു പോവില്ല. ഡ്രൈവര്‍ യദു, കണ്ടക്ടര്‍ സുബിന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ് എന്നിവരെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തെ കാര്യമായി സഹായിച്ചിട്ടില്ല.

മേയര്‍ക്കെതിരെ യദു നല്‍കിയ കേസില്‍ അന്വേഷണം പേരിനു മാത്രമാണ്. കെഎസ്ആര്‍ടിസി നടത്തുന്ന ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് എത്രയും വേഗം ഗതാഗത മന്ത്രിക്ക് കൈമാറാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം 27നാണ് മേയര്‍-ഡ്രൈവര്‍ തര്‍ക്കം ആരംഭിക്കുന്നത്. സംഭവം നടന്ന് ഒരു മാസത്തോട് അടുക്കുമ്പോഴും തെളിവുകള്‍ ഇല്ലാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com