'മലയാളിയാണ് കപ്പല്‍ തിരിക്കാന്‍ ക്യാപ്റ്റനോട് പറഞ്ഞത്, അവര്‍ ഉറങ്ങിയതാവും കാരണം'; മത്സ്യത്തൊഴിലാളി

രണ്ട് ഹിന്ദിക്കാരെ ഒഴികെ ബാക്കിയുള്ളവര്‍ എല്ലാം മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
'മലയാളിയാണ് കപ്പല്‍ തിരിക്കാന്‍ ക്യാപ്റ്റനോട് പറഞ്ഞത്, അവര്‍ ഉറങ്ങിയതാവും കാരണം'; മത്സ്യത്തൊഴിലാളി

മലപ്പുറം: മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് വിവരിച്ച് രക്ഷപ്പെട്ടവര്‍. മീന്‍ തിരയുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചതെന്ന് ഇസ്ലാഹ് ബോട്ടില്‍ നിന്ന് രക്ഷപ്പെട്ടവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കപ്പലിന്റെ ഇടിയില്‍ ബോട്ട് രണ്ടായി പിളര്‍ന്നുവെന്നും ഇടിയുടെ ആഘാതത്തിലാണ് കപ്പലാണെന്ന് മനസിലായതെന്നും തൊഴിലാളി പറഞ്ഞു.

മൂന്ന് പേര്‍ ബോട്ടില്‍ അകപ്പെടുകയായിരുന്നു. ഏറെ നീന്തിയെങ്കിലും അവശനായി. അപകടം ഉണ്ടായത് കപ്പല്‍ ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. ബോട്ടിനേക്കാള്‍ നാലിരട്ടി ഉയരത്തിലായിരുന്നു കപ്പല്‍. സംഭവത്തിന് ശേഷം 200 മീറ്റര്‍ കഴിഞ്ഞപ്പോള്‍ കപ്പല്‍ സ്ലോ ആക്കി. കപ്പലിലുള്ളവര്‍ നന്ദിയുള്ളവരായിരുന്നു. അവര്‍ സഹായം ചെയ്ത് തന്നു. കുടിക്കാന്‍ വെള്ളവും വസ്ത്രവും തന്നു. ആലപ്പുഴക്കാരനായ മലയാളിയാണ് കപ്പല്‍ തിരിക്കാന്‍ ക്യാപ്റ്റനോട് പറഞ്ഞത്. രണ്ട് ഹിന്ദിക്കാരെ ഒഴികെ ബാക്കിയുള്ളവര്‍ എല്ലാം മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലില്‍ ഉള്ളവര്‍ ഉറങ്ങിയതാവും അപകട കാരണമെന്ന് കരുതുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് പൊന്നാനിയില്‍ നിന്ന് തങ്ങള്‍ ബോട്ടില്‍ പോയതെന്നും തൊഴിലാളി പറഞ്ഞു.

അതേസമയം അപകടത്തെത്തുടര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ സാഗര്‍ യുവരാജ് കപ്പല്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. തൃശൂര്‍ മുനക്കക്കടവ് കോസ്റ്റല്‍ പൊലീസ് ആണ് കേസ് എടുത്തത്. കപ്പല്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും തൃശ്ശൂര്‍ മുനക്കക്കടവ് കോസ്റ്റല്‍ സി ഐ സിജോ വര്‍ഗീസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഐപിസി 304, 337 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അലക്ഷ്യമായി കപ്പലോടിച്ചതിനും, ജീവഹാനി വരുത്തിയതിനുമാണ് കേസ്. ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഏറ്റെടുത്ത, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കപ്പലാണ് സാഗര്‍ യുവരാജ്. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com