സപ്ലൈകോയില്‍ പഞ്ചസാര കിട്ടാക്കനി; സ്റ്റോക്ക് എത്തിയിട്ട് എട്ട് മാസം

പഞ്ചസാര വാങ്ങാന്‍ മാവേലി സ്റ്റോറുകളിലെത്തുന്നവര്‍ എട്ടുമാസമായി നിരാശരായി മടങ്ങുകയാണ്
സപ്ലൈകോയില്‍ പഞ്ചസാര കിട്ടാക്കനി; സ്റ്റോക്ക് എത്തിയിട്ട് എട്ട് മാസം

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള പഞ്ചസാര സപ്ലൈകോയില്‍ കിട്ടാക്കനിയായി തുടരുന്നു. മാവേലി സ്റ്റോറുകളില്‍ എട്ട് മാസമായി പഞ്ചസാര സ്റ്റോക്കില്ല. സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചെങ്കിലും പഞ്ചസാരയും തുവരപ്പരിപ്പും വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. സപ്ലൈക്കോയ്ക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തൊഴിലാളി സംഘടന പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു.

കഴിഞ്ഞ ഓണക്കാലത്താണ് മാവേലി സ്റ്റോറുകളില്‍ അവസാനമായി പഞ്ചസാര എത്തിയത്. പഞ്ചസാര വാങ്ങാന്‍ മാവേലി സ്റ്റോറുകളിലെത്തുന്നവര്‍ എട്ടുമാസമായി നിരാശരായി മടങ്ങുകയാണ്. നേരത്തെ 22 രൂപയായിരുന്ന പഞ്ചസാര വില ഫെബ്രുവരിയില്‍ 27 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും സ്റ്റോക്ക് എത്തിക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. 40 മുതല്‍ 45 രൂപ വരെയാണ് പഞ്ചസാരയുടെ വിപണി വില. സബ്‌സിഡി സാധനങ്ങളില്‍ ഏറ്റവും ആവശ്യക്കാരുള്ള ഇനം പഞ്ചസാരയാണ്. പഞ്ചസാര കിട്ടാതായതോടെ മാവേലി സ്റ്റോറുകളിലേക്കെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞെന്ന് സപ്ലൈകോ ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു.

കുടിശ്ശിക മുടങ്ങിയതോടെ വിതരണക്കാര്‍ സപ്ലൈകോയ്ക്ക് പഞ്ചസാര നല്‍കുന്നില്ല. ഇതാണ് ക്ഷാമത്തിന് കാരണം. 200 കോടി രൂപ അടിയന്തരമായി ലഭിക്കാതെ പ്രശ്‌നം പരിഹരിക്കാനാകില്ല എന്നാണ് പഞ്ചസാര പ്രശ്‌നത്തില്‍ ഭക്ഷ്യവകുപ്പിന്റെ നിലപാട്. അനുവദിക്കാന്‍ ഖജനാവില്‍ പണമില്ലെന്ന് ധനവകുപ്പും വിശദീകരിക്കുന്നു. പഞ്ചസാരയ്ക്ക് ഒപ്പം തുവരപ്പരിപ്പും സപ്ലൈകോയില്‍ സ്റ്റോക്കെത്തിയിട്ട് മാസങ്ങളായി.

അതിനിടെ സപ്ലൈകോയ്ക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തൊഴിലാളി സംഘടന പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. അടുത്ത ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എഐടിയുസി സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കും. സപ്ലൈകോയെ ധനവകുപ്പ് അവഗണിക്കുന്നുവെന്നാണ് സിപിഐ സംഘടനകളുടെ പരാതി.

സപ്ലൈകോയില്‍ പഞ്ചസാര കിട്ടാക്കനി; സ്റ്റോക്ക് എത്തിയിട്ട് എട്ട് മാസം
വേനല്‍മഴ അനുഗ്രഹമായി; മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി കെഎസ്ഇബി

Related Stories

No stories found.
logo
Reporter Live
www.reporterlive.com