'സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു'; എഫ്‌ഐആറില്‍ ആര്യയ്ക്കും സച്ചിനുമെതിരെ ഗുരുതര ആരോപണങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും സച്ചിന്‍ദേവ് എംഎല്‍എ യാത്രക്കാരെ അധിക്ഷേപിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്
'സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു'; എഫ്‌ഐആറില്‍ ആര്യയ്ക്കും സച്ചിനുമെതിരെ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതി അന്വേഷിക്കാന്‍ പൊലീസ്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മേയറും സച്ചിന്‍ദേവ് എംഎല്‍എയും ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും സച്ചിന്‍ദേവ് എംഎല്‍എ യാത്രക്കാരെ അധിക്ഷേപിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.

മേയറുടെ പരാതിയില്‍ കേസെടുത്ത പൊലീസ് തന്റെ പരാതി അവഗണിച്ചു എന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ ആരോപണം. യദുവിന്റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവ്, ആര്യ രാജേന്ദ്രന്റെ സഹോദരന്‍, സഹോദരന്റെ ഭാര്യ തുടങ്ങി അഞ്ച് പേര്‍ക്ക് എതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

നേരത്തെ യദുവിന്റെ അഭിഭാഷകന്റെ ഹര്‍ജിയില്‍ പൊലീസ് കേസടുത്തെങ്കിലും ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പുതിയ കേസില്‍ മേയര്‍ക്കും കുടുംബത്തിനുമെതിരെ ജാമ്യമില്ല വകുപ്പാണ് ചുമത്തിയത്. പ്രതികള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എംഎല്‍എ സച്ചിന്‍ ദേവ് ബസില്‍ അതിക്രമിച്ചുകയറി യാത്രക്കാരെ അധിക്ഷേപിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.

സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പ്രതികള്‍ നശിപ്പിച്ചുവെന്നും എഫ്ഐആറില്‍ ഉണ്ട്. പുതിയ കേസില്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിക്കും. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അപ്പുറം നിയമ നടപടികളിലേക്ക് കടക്കുകയാണ് തിരുവനന്തപുരത്തെ നടുറോഡിലെ മേയര്‍ ഡ്രൈവര്‍ തര്‍ക്കം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com