മാവേലിസ്റ്റോറിനും റേഷന്‍കടകള്‍ക്കുമില്ലാത്ത നിയന്ത്രണം എന്തിന്? വൃത്തികേടെന്ന് ട്വന്റി20

കമ്മ്യുണിസ്റ്റുകാരും കോണ്‍ഗ്രസുകാരും നാടുനന്നാവാന്‍ അനുവദിക്കില്ല. ഏതറ്റം വരെയും പോയി ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് തുറക്കും
മാവേലിസ്റ്റോറിനും റേഷന്‍കടകള്‍ക്കുമില്ലാത്ത നിയന്ത്രണം എന്തിന്? വൃത്തികേടെന്ന് ട്വന്റി20

കൊച്ചി: ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ വഴി സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി കണ്‍വീനര്‍ സാബു എം ജേക്കബ്. മാവേലി സ്റ്റോറുകള്‍ക്കും റേഷന്‍കടകള്‍ക്കുമില്ലാത്ത നിയന്ത്രണം എന്തിനാണ് ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയതെന്ന് സാബു എം ജേക്കബ് ചോദിച്ചു. പാവങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടരുത്. വൃത്തികെട്ട നടപടിയാണിതെന്നും സാബു എം ജേക്കബ് പറഞ്ഞു.

'2015 ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്, 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പ്, 2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2020ല്‍ വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ്, 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. അന്നൊന്നും പൂട്ടണമെന്ന് പറഞ്ഞില്ല. ട്വന്റി20ക്ക് മാത്രമായി ഒരു നിയമം ഉണ്ടോ. അങ്ങനെയാണെങ്കില്‍ റേഷന്‍കടയും സപ്ലൈകോയും മാവേലിസ്റ്റോറും പൂട്ടണ്ടേ. സ്വകാര്യവ്യക്തി നടത്തുന്ന പ്രസ്ഥാനമാണ്. കടക്കാരനുള്ള ഒരു അവകാശം നമുക്കുമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് തുറന്നതെന്ന് സാങ്കേതികത്വം മെഡിക്കല്‍ സ്റ്റോറിന് ബാധകമായിരിക്കാം. 55000 കുടുംബങ്ങളാണ് സുഭിക്ഷമായി ഭക്ഷണം കഴിച്ചത്. അതാണ് തകിടം മറിച്ചത്. പാവങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടണമോ? എത്ര ക്രൂരമാണിത്. കേരളത്തില്‍ മൊത്തം ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് തുടങ്ങാനാണ് ട്വന്റി20യുടെ ലക്ഷ്യം. വൃത്തികെട്ട പരിപാടിയാണിത്. ഇതാണ് രാഷ്ട്രീയം. കമ്മ്യുണിസ്റ്റുകാരും കോണ്‍ഗ്രസുകാരും നാടുനന്നാവാന്‍ അനുവദിക്കില്ല. ഏതറ്റം വരെയും പോയി ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് തുറക്കും.' സാബു എം ജേക്കബ് പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് വഴി വില്‍ക്കരുതെന്നാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ്. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാം. പക്ഷെ, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉല്‍പ്പന്നങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നത് നിര്‍ത്തണം എന്നാണ് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ നാളെ അഞ്ച് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com