'വികസനത്തില്‍ സംവാദമാകാം'; രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി സ്വീകരിച്ച് തരൂര്‍

സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ആരാണെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് അറിയാമെന്ന് തരൂര്‍
'വികസനത്തില്‍ സംവാദമാകാം'; രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി സ്വീകരിച്ച് തരൂര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സിറ്റിങ്ങ് എംപി ശശി തരൂരും തമ്മില്‍ നേരിട്ടാണ് മത്സരം. തിരുവനന്തപുരം നഗരത്തിലെ വികസന വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ തിരഞ്ഞെടുപ്പ് പ്രാചരണ വേദിയിലുള്ള വാക്‌പോര് സജീവമായിരുന്നു. ഇപ്പോള്‍ വികസന കാര്യത്തില്‍ ചര്‍ച്ചക്ക് തയ്യാറാകുമോ എന്ന രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുകയാണ് ശശി തരൂര്‍.

മൂന്ന് തവണ തുടര്‍ച്ചയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കൈവശപ്പെടുത്തിയ മണ്ഡലമായ കേരളത്തിലെ തിരുവനന്തപുരത്ത് നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ബിജെപി മത്സരിപ്പിക്കുന്ന ശക്തമായ മത്സരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചയെ സ്വാഗതം ചെയ്യുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കിയിരുന്നു.

മേഖലയിലെ വികസനത്തെക്കുറിച്ച് തരൂരുമായി സംവാദത്തിന് തയ്യാറാണെന്ന് രാജീവ് ചന്ദ്രശേഖര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനാണ് തരൂര്‍ 'എക്‌സി'ലൂടെ മറുപടി നല്‍കിയത്. ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ആരാണെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അറിയാമെന്ന് പറഞ്ഞ് തരൂര്‍ വെല്ലുവിളി സ്വീകരിച്ച് പ്രതികരിച്ചു. 'അതെ, ഞാന്‍ ഒരു സംവാദത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇതുവരെ ഒരു സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ആരാണെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് അറിയാം. നമുക്ക് രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യാം,' ശശി തരൂര്‍ എക്സിലെ പോസ്റ്റില്‍ കുറിച്ചു.

'വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, വര്‍ഗീയത, ബിജെപിയുടെ 10 വര്‍ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയം എന്നിവയെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം. തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചും കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ കൈവരിച്ച പ്രകടമായ പുരോഗതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഇരുപാര്‍ട്ടികളും അഭിമാന പോരാട്ടമായി കണക്കാക്കുന്നതിനാല്‍ ഹൈ വോള്‍ട്ടേജ് തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കുന്നത്. വിവരസാങ്കേതിക നൈപുണ്യ വികസന സഹമന്ത്രിയും നിലവില്‍ രാജ്യസഭയില്‍ നിന്നുള്ള എംപിയുമായ ചന്ദ്രശേഖറിന്റെ ആദ്യ ലോക്സഭാ മത്സരമാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com