ചതിച്ചത് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സി: റഷ്യയില്‍ കുടുങ്ങിയ ഒരു മലയാളി കൂടി തിരിച്ചെത്തി

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് പ്രിന്‍സ് മടങ്ങി എത്തിയത്
ചതിച്ചത് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സി: റഷ്യയില്‍ കുടുങ്ങിയ ഒരു മലയാളി കൂടി തിരിച്ചെത്തി

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി. അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനാണ് ഡല്‍ഹിയില്‍ എത്തിയത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് പ്രിന്‍സ് മടങ്ങി എത്തിയത്. വൈകാതെ നാട്ടിലെത്തുമെന്ന് പ്രിന്‍സ് കുടുംബത്തെ അറിയിച്ചു.

നേരത്തെ പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും ഡല്‍ഹിയില്‍ എത്തിയിരുന്നു. ഡല്‍ഹിയിലുള്ള ഡേവിഡ് ഉടന്‍ നാട്ടിലേക്ക് തിരിക്കും. യുദ്ധമുഖത്തുള്ള അഞ്ചുതെങ്ങ് സ്വദേശികളായ വിനീത്, ടിനു എന്നിവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. യുദ്ധഭൂമിയില്‍ വച്ച് പ്രിന്‍സിനു മുഖത്ത് വെടിയേല്‍ക്കുകയും ഡേവിഡിന്റെ കാല്‍ മൈന്‍ സ്ഫോടനത്തില്‍ തകരുകയും ചെയ്തിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റില്‍ 1.60 ലക്ഷം രൂപ മാസ വേതനത്തില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഡേവിഡിനെ ഏജന്റ് റഷ്യയിലെത്തിച്ചത്. മൂന്നരലക്ഷം രൂപ ഏജന്റ് വാങ്ങുകയും ചെയ്തിരുന്നു. റഷ്യന്‍ പൗരത്വമുള്ള മലയാളിയാണ് ഡേവിഡിനെ പട്ടാള ക്യാമ്പില്‍ എത്തിച്ചത്. ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ടും യാത്രാ രേഖകളും വാങ്ങുകയും ചെയ്തിരുന്നു. പരിശീലനത്തിന് ശേഷം യുക്രെയ്ന്‍ അതിര്‍ത്തിയില്‍ യുദ്ധമേഖലയില്‍ എത്തിച്ചതോടെയാണ് ഡേവിഡിന് ചതി ബോധ്യമായത്.

അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, വിനീത്, ടിനു എന്നിവരെ സെക്യൂരിറ്റി ആര്‍മി ഹെല്‍പ്പര്‍ എന്ന തസ്തികയില്‍ ജോലിയുണ്ടെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് സംഘം റഷ്യയിലെത്തിച്ചുവെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഏഴ് ലക്ഷം രൂപവീതം മുടക്കിയാണ് ഇവര്‍ റഷ്യയിലേയ്ക്കുള്ള വിസ തരപ്പെടുത്തിയത്. പലിശക്കാരില്‍ നിന്നും കടം വാങ്ങിയും ലോണെടുത്തുമാണ് ഇവര്‍ക്ക് റഷ്യയ്ക്ക് പോകാനുള്ള പണം സംഘടിപ്പിച്ച് നല്‍കിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

തുമ്പ സ്വദേശി പ്രിയനാണ് ഇവരെ കൊണ്ടുപോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. 22 ദിവസത്തെ ട്രെയിനിങ് കൊടുത്തു. ട്രെയിനിങ്ങിന് ശേഷം മൂവരെയും രണ്ടു ടീമുകളിലാക്കി യുദ്ധമുഖത്തേയ്ക്ക് വിടുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.

ചതിച്ചത് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സി: റഷ്യയില്‍ കുടുങ്ങിയ ഒരു മലയാളി കൂടി തിരിച്ചെത്തി
സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ആക്രമണം, 11 മരണം; പിന്നില്‍ ഇസ്രയേല്‍?

Related Stories

No stories found.
logo
Reporter Live
www.reporterlive.com