കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; നിര്‍ണായക വിവരങ്ങള്‍

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു
കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; നിര്‍ണായക വിവരങ്ങള്‍

പത്തനംതിട്ട: പത്തനംതിട്ട അപകടത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അമിത വേഗതയിലായിരുന്നു കാറെന്നും ഓടിക്കൊണ്ടിരിക്കെ അനുജ ഇരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറന്നെന്നുമാണ് അപകടം നടക്കുന്നത് കണ്ട ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്. അപകടത്തിന് മുമ്പ് കാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

കാറിന്റെ ഒരു വശത്ത് ഡോറിന് പുറത്തേക്ക് കാലുകള്‍ നീണ്ട് കിടക്കുന്നത് കണ്ടുവെന്നും കാറിനുള്ളില്‍ മര്‍ദ്ദനം നടന്നോയെന്ന് സംശയമുണ്ടെന്നും ശങ്കര്‍ പറഞ്ഞു. കാറില്‍ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങി നില്‍ക്കുന്നത് താന്‍ കണ്ടുവെന്നും ശങ്കര്‍ പറയുന്നുണ്ട്. അതേസമയം കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശിയായ റംസാന്‍ പറഞ്ഞത്. ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും റംസാന്‍ പറഞ്ഞു. ഈ വാദം നിഷേധിച്ച് ഹാഷിമിന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. എം സി റോഡില്‍ പട്ടാഴിമുക്കിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. രണ്ട് പേരും തല്‍ലക്ഷണം മരിച്ചിരുന്നു. കാര്‍ യാത്രികരായ തുമ്പമണ്‍ സ്വദേശിനി അനുജ ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനുജയെ ട്രാവലര്‍ തടഞ്ഞുനിര്‍ത്തിയാണ് ഹാഷിം കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് നൂറനാട് സ്വദേശിയായ അനുജ. ഹാഷിം ചാരുംമൂട് സ്വദേശിയാണ്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്കൊപ്പമാണ് അനുജ വിനോദയാത്ര പോയത്. മടങ്ങി വരുന്ന വഴി ഹാഷിം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ മറ്റ് അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നാണ് കൂടെയുണ്ടായിരുന്ന അധ്യാപകര്‍ പ്രതികരിച്ചത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com